കൈപ്പത്തിക്കു സീറ്റ് വേണം, അരിവാളിനു വോട്ട് വേണം
#അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: കോണ്‍ഗ്രസിനും സി.പി.എമ്മിനും ഇത് ജീവന്‍മരണ പോരാട്ടമാണ്. കൈപ്പത്തിക്കു സീറ്റ് കൂടിയാലേ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി വിളിക്കുകയുള്ളൂ. അതിനായി അരയും തലയും മുറുക്കിയാണ് കോണ്‍ഗ്രസ് കളിക്കളത്തിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ പശ്ചിമ ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിഞ്ഞ സി.പി.എമ്മിന് കേരളത്തില്‍ നിന്ന് വോട്ടും സീറ്റും വേണം. വോട്ടുകൂട്ടിയാലേ ദേശീയകക്ഷി എന്ന അംഗീകാരം നിലനിര്‍ത്താന്‍ കഴിയൂ. മാത്രമല്ല സീറ്റ് കൂട്ടിയാല്‍ മാത്രമേ കേന്ദ്രത്തില്‍ സമ്മര്‍ദ ശക്തിയായി നില്‍ക്കാനും കഴിയൂ. അതിനാല്‍ തന്നെ എന്തു വില കൊടുത്തും ഭൂരിപക്ഷത്തോടെ ജയിക്കുക എന്നു തന്നെയായിരിക്കും ഇടതുമുന്നണിയുടെ ലക്ഷ്യം.
ബി.ജെ.പി ഭീഷണി പല മണ്ഡലങ്ങളിലും നിലനില്‍ക്കുന്നുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ ചോര്‍ന്ന വോട്ടുകള്‍ തിരിച്ചെത്തിക്കുക തന്നെയാണ് ഇരുമുന്നണികളുടെയും പ്രധാന ലക്ഷ്യം. ഇതിനായി എല്ലാ അടവുതന്ത്രങ്ങളും ഇരുമുന്നണികളും സ്വീകരിക്കും.
2009 മുതല്‍ ഇങ്ങോട്ടുള്ള വോട്ടിങ് ശതമാനം പരിശോധിച്ചാല്‍ തീവ്ര ഹിന്ദുത്വ പാര്‍ട്ടിയുടെ വളര്‍ച്ച ക്രമാധീതമായി വര്‍ധിച്ചു വരുന്നതാണ് ഇരു മുന്നണികളെയും അങ്കലാപ്പിലാക്കുന്നത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 12ഉം എല്‍.ഡി.എഫിന് എട്ടും സീറ്റുകളാണ് കിട്ടിയതെങ്കിലും വോട്ടിങ് ശതമാനം നോക്കുമ്പോള്‍ വെറും 1.85 ശതമാനം മാത്രമാണ് വ്യത്യാസം. യു.ഡി.എഫിന് 42.08 ശതമാനം വോട്ട് കിട്ടിയപ്പോള്‍ എല്‍.ഡി.എഫിന് 40.23 വോട്ട് പെട്ടിയിലാക്കാന്‍ കഴിഞ്ഞു. അതേസമയം എന്‍.ഡി.എയ്ക്കാകട്ടെ 10.84 ശതമാനം വോട്ടും നേടാനായി. 2009ല്‍ 6.43 ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന എന്‍.ഡി.എയുടെ ഈ വളര്‍ച്ച മറ്റു മുന്നണികളെ ഭീതിപ്പെടുത്തുന്നതു തന്നെയാണ്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്കു ലഭിച്ചത് 6.06 ശതമാനം വോട്ട് മാത്രമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 10.84 ശതമാനം വോട്ട് നേടിയപ്പോള്‍ 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 14.65 ശതമാനത്തിലേക്ക് ഉയര്‍ത്തി. സംസ്ഥാനത്ത് ഇടതു കാറ്റ് ആഞ്ഞുവീശിയപ്പോള്‍ എല്‍.ഡി.എഫിന്റെ വോട്ടിങ്ങ് ശതമാനം 43.42 ശതമാനമായിരുന്നു. യു.ഡി.എഫിനാകട്ടെ 38.08 ശതമാനവും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
ഇടതു സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത ജനസ്വാധീനം വോട്ടാക്കി മാറ്റാമെന്ന വിശ്വാസത്തിലാണ് സി.പി.എം. ശബരിമല വോട്ടാക്കി മാറ്റി വോട്ടിങ് ശതമാനം കൂട്ടാമെന്ന് ബി.ജെ.പിയും മനക്കോട്ട കെട്ടുന്നു. ഒരുമുഴം മുന്‍പേ സ്ഥാനാര്‍ഥികളെ ഇറക്കി പ്രചാരണത്തിന് വേഗത കൂട്ടിയ ഇടതുമുന്നണിയെ തളയ്ക്കാന്‍ കരുത്തരെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇനി ആരോപണപ്രത്യാരോപണങ്ങളുടെ നാളുകളായിരിക്കും. ശബരിമലയും അക്രമ രാഷ്ട്രീയവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങളും ചര്‍ച്ചാവിഷയമാക്കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോള്‍ ടോം വടക്കന്‍ സംഘ കൂടാരത്തിലേക്ക് ചേക്കേറിയതും ഗ്രൂപ്പുകളുടെ തമ്മിലടിയും ചര്‍ച്ചാവിഷയമാക്കി കഴിയുന്നത്ര വോട്ടുകള്‍ പെട്ടിയിലാക്കാനായിരിക്കും എല്‍.ഡി.എഫ് ശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."