ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ച സംഭവം: ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചെന്ന് സഹപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍. ഒരിക്കല്‍ ഉപയോഗിച്ച വ്യക്തി സുരക്ഷ ഉപകരണങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ചിരുന്നതായാണ് ഇവര്‍ ആരോപിക്കുന്നത്. ഇതാണ് മരിച്ച നഴ്‌സ് അംബിക്ക്ക് കൊവിഡ് ബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
ദ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് സഹപ്രവര്‍ത്തകര്‍ ഇക്കാര്യം വെളിപെടുത്തിയത്. കൊവിഡ് ആശുപത്രി അല്ലാത്തതിനാല്‍ അപകട സാധ്യത ഇല്ലെന്നു പറഞ്ഞാണ് തങ്ങളെ ഇത് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചതെന്നും ഇവര്‍ പറയുന്നു.
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയായ കാല്‍റാ ആശുപത്രിയിലെ നേഴ്‌സായിരുന്നു അംബിക. കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിക്കുന്ന ആദ്യത്തെ നേഴ്‌സാണ് 46 കാരിയായ അംബിക. സഫ്ദര്‍ജംഗ് ആശുപത്രിയില്‍വെച്ചാണ് അംബിക മരിക്കുന്നത്. മേയ് 21 നാണ് സഫ്ദര്‍ജംഗില്‍ അംബികയെ അഡ്മിറ്റ് ചെയ്തത്.
'ഡോക്ടര്‍മാര്‍ക്ക് പുതിയ പിപി.ഇ കിറ്റുകള്‍ നല്‍കുമ്പോള്‍ നഴ്‌സ്മാരോട് ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ പറയാറുണ്ട്. ഞങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഇത് കൊവിഡ് ആശുപത്രി അല്ലാത്തതിനാല്‍ അപകടസാധ്യ ഇല്ലെന്നും പറഞ്ഞ് ഉപയോഗിച്ച പി.പി.ഇ കിറ്റ് തന്നെ വീണ്ടും ഉപയോഗിക്കാന്‍ പറയും'- കാല്‍റ ആശുപത്രിയിലെ ഒരു മുതിര്‍ന്ന നേഴ്‌സ് പറഞ്ഞു.
ആശുപത്രിയിലെ അവസാന ദിവസം അംബിക നഴ്‌സിംഗ് ഇന്‍ ചാര്‍ജിലുള്ള ആളുമായി പുതിയ പി.പി.ഇ കിറ്റുകളും മാസ്‌കും കിട്ടാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് അവരുമായി അടുത്ത ബന്ധമുള്ള ഒരു നഴ്‌സ് പറഞ്ഞു. അംബികയുടെ കൂടെ ഐ.സി.യുവില്‍ ജോലിചെയ്യുന്ന മറ്റൊരു നേഴ്‌സും ഇത് ശരിവെച്ചു.
എന്നാല്‍ ആശുപത്രി ഉടമ ഡോ. ആര്‍.എന്‍ കാല്‍റ ആരോപണങ്ങള്‍ നിഷേധിച്ചു. എല്ലാവര്‍ക്കും ആവശ്യത്തിന് പി.പി.ഇ കിറ്റുകള്‍ നല്‍കാറുണ്ടെന്നും ഇത് സംബന്ധിച്ച് ജീവനക്കാരില്‍ നിന്ന് തനിക്ക് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും കാല്‍റാ പറഞ്ഞു.
'മേയ് 18വരെ അംബിക ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. രാവിലത്തെ ഷിഫ്റ്റായിരുന്നു അംബിക ചെയ്തത്. സുഖമില്ലാത്തതിനെത്തുടര്‍ന്ന് രാത്രി ഷിഫ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. രാത്രി അവള്‍ക്ക് പനിയുണ്ടായിരുന്നു. കഠിനമായ തൊണ്ട വേദനയും ശരീര വേദനയും ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളവളോട് വിശ്രമിക്കാന്‍ പറഞ്ഞു. മേയ് 19 നും അവള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മേയ് 21 ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കൊണ്ടുപോയി,' അംബികയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ഒരു നേഴ്‌സ് പറഞ്ഞു.
ഉപയോഗിച്ച പിപി.ഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ ആശുപത്രി പറഞ്ഞെന്നും മാസ്‌കുകള്‍ക്ക് പണം ഇടാക്കുന്നുണ്ടെന്നും അംബിക പറഞ്ഞതായി അംബികയുടെ മകനും പറയുന്നു. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയാണ് മരിച്ച അംബിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."