ഒരു കുടുംബത്തിലെ മൂന്ന് പേര് വാഴക്കുല മോഷണക്കേസില്‍ പിടിയില്‍
പുതുക്കാട്: ഭര്‍ത്താവും ഭാര്യയും ഭാര്യയുടെ പ്രായപൂര്‍ത്തിയാവാത്ത മകളും അടങ്ങിയ മൂന്നംഗ വാഴക്കുല മോഷണ സംഘം പൊലിസ് പിടിയിലായി. ഇടുക്കി മാങ്കുളം സ്വദേശി അജി കുമാര്‍ (38), ഭാര്യ ധനഭാഗ്യം (37), ധനഭാഗ്യത്തിന്റെ ആദ്യ വിവാഹത്തിലെ മകള്‍ എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ നന്ദിക്കരയിലുള്ള സുരേന്ദ്രന്റെ വാഴത്തോട്ടത്തില്‍ നിന്നും പിടിയിലായത്.
കഴിഞ്ഞ മാര്‍ച്ച് മാസം 24 നാണു മുത്രത്തിക്കര മൂഞ്ഞേലി ദാസന്റെ 40 നേന്ത്ര വാഴക്കുലകള്‍ മോഷണം പോയതായി പുതുക്കാട് പൊലിസില്‍ പരാതി ലഭിക്കുന്നത്. തുടര്‍ന്ന് ഈ ഭാഗത്ത് നിന്നും നിരവധി വാഴക്കുല മോഷണ പരാതികള്‍ പുതുക്കാട് പൊലിസിന് ലഭിച്ചു. ഇതേ തുടര്‍ന്ന് പൊലിസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് മോഷ്ടാക്കള്‍ പിടിയിലായത്. പകല്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് കാറില്‍ യാത്ര ചെയ്തു മോഷ്ടിക്കേണ്ട കുലകള്‍ ഉള്ള വാഴ തോട്ടങ്ങള്‍ കണ്ടു വെക്കും. രാത്രിയില്‍ മകളോടൊപ്പം വന്ന് കുലകള്‍ വെട്ടും.
ശേഷം മകളും അമ്മയും മകളുടെ ബൈക്കിലും അജി വാഴക്കുലകളുമായി ധനഭാഗ്യത്തിന്റെ സ്വന്തം മാരുതി ആള്‍ട്ടോ കാറിലും യാത്ര തിരിക്കും. കൊല്ലംകോട് ഉള്ള ഒരു മൊത്ത വ്യാപാരിക്കും കൊടകര മുതല്‍ എറണാകുളം വരെ റോഡരികില്‍ ഉള്ള ചില്ലറ വ്യാപാരികള്‍ക്കുമാണ് ഇവര്‍ മോഷ്ടിച്ച വാഴക്കുലകള്‍ വില്പന നടത്തിയിരുന്നതെന്ന് പൊലിസ് പറഞ്ഞു.
നെല്ലായി സ്വദേശി ജോണ്സണ്, നന്ദിക്കരയിലെ സുരേന്ദ്രന്, നന്ദിക്കര പെട്രോള്‍ പമ്പിന് സമീപത്തുള്ള മനോജ് കുമാര്‍, സ്നേഹപുരത്തുള്ള അയ്യപ്പന് നന്ദിപുലം സ്വദേശി ആന്റോ എന്നിവരുടേതായി ഏതാണ്ട് രണ്ടായിരത്തോളം വാഴക്കുലകള്‍ ഇവര്‍ മോഷ്ടിച്ചതായി പൊലിസ് പറഞ്ഞു. ഏതാണ്ട് ആറ് മാസമായി ഇവര്‍ വാഴക്കുല മോഷണം തുടങ്ങിയിട്ട്. മറ്റ് സ്ഥലങ്ങളില്‍ ഇവര്‍ നടത്തിയ മോഷണങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലിസ് പറഞ്ഞു.
പുതുക്കാട് സി.ഐ എസ്.പി സുധീരന്, എസ്.ഐ വി.സജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തലുള്ള പൊലിസ് സംഘത്തില്‍ അഡിഷണല്‍ എസ്.ഐ ജോയ്സ് ജോസഫ്, സി.പി.ഒമാരായ കെ.എസ് ഉണ്ണികൃഷ്ണന്, സി.കെ ബിനയന്‍, യു.എം സുനില്‍ കുമാര്‍, വി.ഡി അജി, സി.പി ശിവദാസന്‍ എന്നിവര്‍ ഉണ്ടായിരുന്നു. അജിയെയും, ധനഭാഗ്യത്തെയും ഇരിങ്ങാലക്കുട കോടതിയിലും, പ്രായപൂര്‍ത്തിയാവാത്ത മകളെ തൃശൂര്‍ ജുവനൈല്‍ കോടതിയിലും ഇന്നലെ വൈകീട്ട് ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."