ഐഷാബീഗം കാലത്തെ അതിജയിച്ച കഥകളുടെ തോഴി
അമ്പലപ്പുഴ: ഇന്നലെ അന്തരിച്ച ഐഷാബീഗം സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ കഥാപ്രസംഗവേദികളില്‍ ശബ്ദിച്ച കലാകാരിയായിരുന്നു.
അവര്‍ പാടിപ്പറഞ്ഞ കഥകളില്‍ പട്ടിണിയും ദുരിതവും അനുഭവിക്കുന്നവരുടെ കണ്ണീരുണ്ടായിരുന്നു.
കേരളീയ പാരമ്പര്യത്തിന്റെ നാട്ടുപഴമകളും അറിവുകള്‍ക്കുമൊപ്പം സ്്ത്രീസമൂഹത്തിന്റെ ഹൃദയദുഃഖവും വരച്ചുകാട്ടിയ കഥകള്‍ക്ക് തിരുവിതാംകൂറിലും കൊച്ചിയിലും കേള്‍വിക്കാര്‍ ഏറെയുണ്ടായിരുന്നു.
ഇസ്‌ലാമിക ചരിത്രങ്ങളാണ് കഥാപ്രസംഗരൂപത്തില്‍ ഏറെയും അവതരിപ്പിച്ചിരുന്നത്. ബദര്‍ യുദ്ധചരിത്രം ഇതില്‍ പ്രധാനമാണ്. 1961 ലാണ് ഐഷാബീഗം കഥാപ്രസംഗത്തിന്റെ ജൈത്രയാത്ര ആരംഭിച്ചത്.
'ബീവി അസൂറ അഥവാ ധീര വനിത' എന്ന കഥ ഐഷാബീഗം അവതരിപ്പിച്ചപ്പോള്‍ കലാസ്വാദകര്‍ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്.
അതുല്യ പ്രതിഭയായ മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകളാണ് കൂടുതലും പാടിയിരുന്നത്. മൂന്ന് പതിറ്റാണ്ട് കാലം കഥാപ്രസംഗ വേദികളില്‍ ഐഷാബീഗം നിറഞ്ഞുനിന്നു. വേദികളില്‍ തണലായി ഹാര്‍മോണിസ്റ്റ് ആയിരുന്ന എ എം ശരീഫും ഒപ്പമുണ്ടായിരുന്നു. കലാജീവിതത്തിലൂടെ ഒന്നും സമ്പാദിക്കാതിരുന്ന ഈ കുടുംബം ഏറെനാള്‍ വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
ഇതിന് ശേഷമാണ് ഏകമകന്‍ അന്‍സറിന്റെ ചെറിയ വരുമാനത്തില്‍ പുന്നപ്ര നന്തികാട് വെളിയില്‍ സ്വന്തമായൊരു ഭവനം തീര്‍ത്തത്.
ഈ വീട്ടിലേക്ക് മാറുമ്പോഴേക്കും കഥാപ്രസംഗവേദിയില്‍ ഇടിമുഴക്കമായി വന്ന കലാകാരി തീര്‍ത്തും അവശയായിരുന്നു. സര്‍ക്കാരും സാംസ്‌കാരിക കേരളവും വേണ്ട പരിഗണന നല്‍കിയില്ലെന്ന പരാതിയും അവസാന നാളുകളില്‍ ഈ കലാകാരിക്ക് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."