കൊവിഡ് ബാധിതര്‍ നാള്‍ക്കുനാള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല, ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയം; ഇനി വൈറസിനെ തുരത്താനുള്ള പ്ലാന്‍ ബി എന്തെന്നു പറയൂ- പ്രധാനമന്ത്രിയോട് രാഹുല്‍
ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടു പോവുന്നതിനെ രൂക്ഷമായി വിമര്‍ച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇപ്പോള്‍ കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ലൈവ് പ്രസ് കോണ്‍ഫറന്‍സിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
21 ദിവസം കൊണ്ട് കൊവിഡിനെ തുരത്തുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. ഫലമുണ്ടായില്ല. നാലുഘട്ട ലോക്ക്ഡൗണും പ്രധാനമന്ത്രി പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. കേസുകള്‍ കുറയുമെന്നാണ് പ്രധാനമന്ത്രിയും ഉപദേശക സമിതിയും ഒന്നടങ്കം പറഞ്ഞു കൊണ്ടിരുന്നത്. ഒന്നും സംഭവിച്ചില്ല- അദ്ദേഹം പറഞ്ഞു. ഇനി എന്താണ് സര്‍ക്കാറിന്റെ പദ്ധതിയെന്നാണ് തനിക്കറിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി എന്തു ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറയേണ്ടത്. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെ, തകര്‍ന്നു കൊണ്ടിരിക്കുന്ന ചെറുകിട വ്യവസായങ്ങളെ, പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ എന്താണ് ചെയ്യുമെന്ന് പ്രധാനമന്ത്രി പറയണം. ജനങ്ങള്‍ക്കു മുന്നില്‍ വന്ന് പറയണം- അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരിയില്‍ പറഞ്ഞതു തന്നെ ഇപ്പോഴും പറയുന്നു. രാജ്യം ഭീകരമായ പ്രതിസന്ധിയിലേക്കു തന്നെയാണ് പോകുന്നത്. കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പെടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കിയില്ലെങ്കില്‍, ചെറുകിട വ്യവസായങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ഇപ്പോഴുള്ളതിലും വലിയ പ്രതിസന്ധിയില്‍ രാജ്യം അകപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയുടെ ശക്തി വിദേശത്തല്ല. ഹിന്ദുസ്ഥാന്റെ ശക്തി ഇന്ത്യക്കകത്തു നിന്നാണ് ഉണ്ടാവുന്നത്. ഇന്ത്യയുടെ ശക്തിയെ സംരക്ഷിക്കണം. അതിന് പാവപ്പെട്ട തൊഴിലാളികളുടെ അക്കൗണ്ടില്‍ പണം എത്തിക്കണം. അതിഥി തൊഴിലാളികളാണ് ഇന്ത്യയുടെ ശക്തി. വിദേശ രാജ്യങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നല്ല നോക്കേണ്ടത്. രാജ്യത്തിന്റെ കരുത്ത് സംരക്ഷിക്കുകയാണ്. സര്‍ക്കാറിന് ഇനിയും തൊഴിലാളികളെ സംരക്ഷിക്കാം. അവര്‍ക്ക് നേരിട്ട് പണമെത്തിക്കാം.
പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കിടാന്‍ താന്‍ ഒരു സ്‌കൂള്‍ പ്രൊഫസറല്ലെന്നു അദ്ദേഹം ആജ് തക്കിന്റെ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് പ്രതികരിച്ചു. കഴിഞ്ഞതിനെ കുറിച്ച സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് എന്ത് സംഭവിക്കുന്നു എന്നതും നാളെ എന്തു സംഭവിക്കുമെന്നതുമാണ് താന്‍ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
6,535 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,45,380 ആയി. 4,167 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച മാത്രം രാജ്യത്ത് 146 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതുവരെ 60, 490 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.കെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, എന്നിവയാണ് കൊവിഡ് മോശമായ രീതിയില്‍ ബാധിച്ച മറ്റു രാജ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."