ഇരുട്ടടിയായി വീണ്ടും നിരക്ക് വര്‍ധന
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീര്‍ഥാടകര്‍ക്ക് യാത്രാ നിരക്കില്‍ വീണ്ടും വര്‍ധന. മുഴുവന്‍ പണവും അടച്ച് യാത്രക്കുള്ള ഒരുക്കത്തിന് തീര്‍ഥാടകര്‍ തയാറെടുക്കുമ്പോഴാണ് ഇരുട്ടടിയായി വീണ്ടും നിരക്ക് വര്‍ധിപ്പിച്ചത്. മക്ക, മിന എന്നിവിടങ്ങളിലും മെട്രോ ട്രെയിന്‍, ബസ് യാത്ര തുടങ്ങിയവയിലുമുണ്ടായ നിരക്ക് വര്‍ധനവാണ് തുക കൂടാന്‍ പ്രധാന കാരണം. വര്‍ധിപ്പിച്ച തുക മുഴുവന്‍ തീര്‍ഥാടകരും ജൂലൈ 10നകം അടക്കണം.
ഗ്രീന്‍കാറ്റഗറിയില്‍ അപേക്ഷിച്ച ഓരോരുത്തരും 7,750 രൂപയാണ് അധികം നല്‍കേണ്ടത്. അസീസിയ്യ കാറ്റഗറിയിലുള്ളവര്‍ 7,150 രൂപയും നല്‍കണം.
ബലികര്‍മത്തിന്റെ കൂപ്പണിന് അപേക്ഷിച്ചവര്‍ 508 രൂപയാണ് അധികം നല്‍കേണ്ടത്. 8,000 രൂപയാണ് ബലികര്‍മ കൂപ്പണിന് നല്‍കേണ്ടിയിരുന്നത്. ഇത് ദിവസങ്ങള്‍ക്ക് മുന്‍പ് 360 രൂപ കൂടി വര്‍ധിപ്പിച്ചിരുന്നു. ഈ നിരക്കും മാറ്റിയാണ് 508 രൂപ അധികം നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഒരിക്കല്‍ തീര്‍ഥാടനം നടത്തിയവര്‍ നല്‍കേണ്ട തുകയില്‍ 619 രൂപയും വര്‍ധിപ്പിച്ചു. 35,202 രൂപയായിരുന്നു ഒരിക്കല്‍ തീര്‍ഥാടനം നടത്തിയവര്‍ നല്‍കേണ്ടിയിരുന്നത്. ഇത് 35,821 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
സഊദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങളെ അറിയിച്ചു. മക്കയില്‍ 347.50 റിയാലായിരുന്നു ബസ് നിരക്ക് നിശ്ചയിച്ചിരുന്നത് . ഇത് 391.18 റിയാലായി ഉയര്‍ത്തി. മെട്രോ ട്രെയിന്‍ നിരക്ക് 250 റിയാലില്‍ നിന്ന് 400 റിയാലായാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. മിനയിലെ ടെന്റുകളില്‍ ബെഡ് അനുവദിച്ചതോടെ നിരക്ക് അഞ്ച് ശതമാനം വാറ്റ് അടക്കം 147 റിയാലായി വര്‍ധിപ്പിച്ചു. തീര്‍ഥാടകര്‍ നിലത്ത് കിടക്കുന്നത് ഇതോടെ ഒഴിവാകും. ബലികര്‍മ കൂപ്പണിന് 450 റിയാലില്‍ നിന്ന് 475 റിയാല്‍ ആയും ഇസ്‌ലാമിക് ഡവലപ്പ്‌മെന്റ് ബാങ്ക് ഉയര്‍ത്തി.
ഇതിനു പുറമെ സഊദി റിയാല്‍ വിനിമയ നിരക്ക് 17.60 എന്ന തോതിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിപ്പോള്‍ 17.91 രൂപയായതും നിരക്ക് വര്‍ധനവിന് കാരണമായി. എന്നാല്‍ മദീനയില്‍ നിലവിലുള്ള നിരക്കായ 950 സഊദി റിയാലില്‍ 50 റിയാലിന്റെ കുറവ് വരുത്തിയിട്ടുമുണ്ട്.
ഈ വര്‍ഷം അസീസിയ കാറ്റഗറിയിലുള്ളവര്‍ 2,22,200 രൂപയും, ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ 2,56,350 രൂപയും അടച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് അധിക തുക നല്‍കേണ്ടത്. ഹജ്ജ് സബ്‌സിഡി ഒഴിവാക്കിയതും നിരക്ക് ക്രമാതീതമായി ഉയരാനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."