ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കെതിരായ പരാതി രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ ഉത്തരവ്
കൊച്ചി : സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കെതിരായ പരാതി വകുപ്പ് സെക്രട്ടറി നേരിട്ടന്വേഷിക്കണമെന്ന നിവേദനം രണ്ട് മാസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ.കെ. പ്രതിഭ നല്കിയ നിവേദനം രണ്ട് മാസത്തിനകം തീര്‍പ്പാക്കാനാണ് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കണ്ണൂര്‍ ടൗണ്‍ എസ്.ഐക്കെതിരേ ആഭ്യന്തര വകുപ്പിന് താന്‍ നല്കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഡോ. പ്രതിഭയുടെ പരാതി. ഏപ്രില്‍ 24ന് നല്കിയ പരാതിയില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കു മുന്നില്‍ത്തന്നെ ഹാജരാകാനാണ് പ്രതിഭക്ക് നോട്ടിസ് ലഭിച്ചത്.
പരാതിയിലെ എതിര് കക്ഷിയായ ഡയറക്ടര്‍ അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് സെക്രട്ടറിക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു.
ഏപ്രില്‍ 16 ന് നടത്തിയ ഹര്‍ത്താലില്‍ പങ്കെടുത്ത പൊലിസ് അനുകൂലികളെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ ശരീരത്തിലുള്ള മുറിവുകള്‍ ആശുപത്രി രേഖകളില്‍ ഡോ. പ്രതിഭ രേഖപ്പെടുത്തി.
ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ എസ്.ഐ ശ്രീജിത്ത് കെടേരി ഭീഷണിപ്പെടുത്തിയെന്നു ഡോ. പ്രതിഭ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിരുന്നു. പിന്നീട് പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."