വന്യമൃഗാക്രമണം: രണ്ടു വര്‍ഷത്തിനിടയില്‍ 247 മരണം, 8.42 കോടിയുടെ കൃഷിനാശം
തിരുവനന്തപുരം: വനാതിര്‍ത്തി പങ്കിടുന്ന ജനവാസ കേന്ദ്രങ്ങളിലുണ്ടായ വന്യമൃഗാക്രമണങ്ങളില്‍ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ മരിച്ചത് 247 പേര്‍. വനംവകുപ്പിന്റെ കണക്കു പ്രകാരമാണിത്. പാമ്പു കടിയേറ്റുള്ള മരണവും ഇതില്‍ ഉള്‍പ്പെടുന്നു. 1704 പേര്‍ക്കു പരുക്കേറ്റതായും 508 വീടുകള്‍ ആക്രമിക്കപ്പെട്ടതായും 877 വളര്‍ത്തു മൃഗങ്ങളെ കൊന്നതായും 8.42 കോടിയുടെ കൃഷിനാശമുണ്ടായതായും കണക്കുകള്‍ പറയുന്നു.
ഇതിനിടയില്‍ വീട് നശിച്ചതും കൃഷി നാശം സംഭവിച്ചതുമായി 14637 പേരുടെ പരാതികളാണ് വനംവകുപ്പിന് ലഭിച്ചത്. ഇതില്‍ 13436 പേര്‍ക്ക് ധനസഹായം അനുവദിച്ചു. ഇനി 1201 പേരുടെ പരാതി പരിഹരിക്കാനുണ്ട്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആകെ 3.8 കോടി രൂപയും പരുക്കേറ്റവര്‍ക്ക് 3.9 കോടി രൂപയും അനുവദിച്ചു. ആകെ 1730 പേര്‍ക്കാണ് തുക അനുവദിച്ചത്. ഇനി 282 പേര്‍ക്ക് ധനസഹായം നല്‍കാനുണ്ട്.
വനാതിര്‍ത്തിയിലെ വന്യമൃഗാക്രമണം ചെറുക്കുന്നതിന് വിവിധ പ്രവൃത്തികള്‍ സംസ്ഥാന വ്യാപകമായി നടന്നു വരികയാണ്. വനാതിര്‍ത്തിയില്‍ സൗരോര്‍ജ വൈദ്യുതിവേലികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. വന്യജീവികളെ ആവാസ വ്യവസ്ഥയില്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കാണ് വകുപ്പ് പ്രാധാന്യം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."