ഓണസദ്യ ഒരുക്കാന്‍ വിഷമില്ലാത്ത പച്ചക്കറിയുമായി യുവാക്കളുടെ ഓണ്‍ലൈന്‍ വിപ്ലവം
തൊടുപുഴ: ഓണസദ്യക്ക് വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കാന്‍ യുവാക്കളുടെ സംഘം. പദ്ധതിയുടെ പ്രചാരകാനായെത്തുന്നത് മലയാളത്തിന്റെ പ്രീയപ്പെട്ട നടന്‍ ശ്രീനിവാസന്‍. ഇടനിലക്കാരെ ഒഴിവാക്കി വിഷരഹിത പച്ചക്കറി വാങ്ങാന്‍ ഉപഭോക്താക്കള്‍ക്കും അത് വില്‍ക്കാന്‍ കര്‍ഷകര്‍ക്കും അവസരമൊരുക്കുന്നത് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസായ 'എന്റെ കൃഷി.കോമി'ന്റെ പ്രവര്‍ത്തകരാണ്. മാരകവിഷം കലര്‍ന്ന പച്ചക്കറികളുണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തങ്ങളുടേതായ വഴി തേടുകയാണ് ഇവര്‍.
ഇതിനായി എന്റെ കൃഷി.കോം 'മിഷന്‍-15' എന്ന പേരില്‍ 13 മുതല്‍ 28 വരെ സംസ്ഥാനത്ത വിപുലമായ പ്രചാരണം സംഘടിപ്പിക്കുമന്ന് വെബ് സൈറ്റ് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13ന് പകല്‍ മൂന്നിന് തൊടുപുഴ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ശ്രീനിവാസന്‍ മിഷന്‍-15 ചലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. പരിസ്ഥിതി പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍ എന്നിവയെയടക്കം സഹകരിപ്പിച്ചാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
കര്‍ഷകന്റെ പേര്, വിളയുടെ ചിത്രം, വില, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ആവശ്യക്കാര്‍ക്ക് കര്‍ഷകരുമായി നേരിട്ട് ബന്ധപ്പെടാം. ജില്ലകള്‍ തിരിച്ച് കര്‍ഷകരെ രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ സമീപത്തുള്ള കര്‍ഷകരുമായി ബന്ധപ്പെടാന്‍ ആവശ്യക്കാര്‍ക്ക് കഴിയും. കഴിഞ്ഞ ഡിസംബര്‍ 27നാണ് വൈബ് സൈറ്റ് തുറന്നത്. പച്ചക്കറിക്കു പുറമെ പഴങ്ങള്‍, ഔഷധച്ചെടികള്‍, പൂച്ചെടികള്‍, വിത്തുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സൈറ്റിലുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ എന്റെ കൃഷി.കോം വക്താക്കളായ ജെയസ്‌സണ്‍ ജെ ഇളയിടം, സജി ഫിലിപ്പ്, രാഗേഷ് പിള്ള എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."