പുതുച്ചേരി രജിസ്‌ട്രേഷന്‍: വാഹനങ്ങള്‍ പിടിച്ചെടുക്കും
തിരുവനന്തപുരം: ആഡംബര വാഹനങ്ങള്‍പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതിനെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു.
ഇനി നിരത്തിലിറങ്ങുന്ന പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വനകുപ്പ് പിടിച്ചെടുക്കും. അവ വിട്ടുകൊടുക്കാതിരിക്കാന്‍ എല്ലാ പഴുതുകളുമടച്ചുള്ള നടപടിയുമുണ്ടാവും. തുടര്‍നടപടികള്‍ക്കായി ഗതാഗത കമ്മിഷണര്‍ കെ. പദ്മകുമാറും ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. പിഴയൊടുക്കി രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തവര്‍ക്ക് ഇനി അവസരം നല്‍കേണ്ടെന്നാണ് തീരുമാനം.
നിലവില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉടന്‍ കുറ്റപത്രം നല്‍കും. നികുതി വെട്ടിപ്പില്‍ നിലവിലുള്ള കേസുകളെക്കുറിച്ചുള്ള വിവരങ്ങളും എല്ലാ രേഖകളും മോട്ടോര്‍ വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറി.
വെട്ടിപ്പ് നടത്തിയവര്‍ വമ്പന്‍മാരായതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിമിതികള്‍ മാറ്റിവച്ചുള്ള നടപടികളിലേക്കിറങ്ങും. സുരേഷ് ഗോപി എം.പിക്കും നടി അമലാപോളിനുമെതിരായ നടപടികളും ശക്തമാക്കും. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റിയതിലൂടെ 35 കോടി രൂപ ഇതുവരെ ഖജനാവിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."