പൂമ്പാറ്റകള്‍ക്കായി ഉദ്യാനം ഒരുക്കി വിദ്യാ എന്‍ജിനിയറിങ് കോളജ്
എരുമപ്പെട്ടി:ആവാസ കേന്ദ്രങ്ങള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ചിത്രശലഭങ്ങള്‍ക്ക് ഉദ്യാനമൊരുക്കി ശ്രദ്ധേയമാവുകയാണ് തലക്കോട്ടുക്കര വിദ്യാ എന്‍ജിനിയറിങ് കോളജ്.
കായിക വിഭാഗം അധ്യാപിക അരുന്ധതി ശശികുമാറിന്റെ നേതൃത്വത്തിലാണ് കോളജില്‍ പൂമ്പാറ്റകള്‍ക്ക് വിരുന്നൊരുക്കുന്നത്. പൂത്തുലഞ്ഞ് നിന്നിരുന്ന കുന്നുകളും തൊടികളും വിസ്മൃതിയിലായപ്പോള്‍ പൂക്കാലത്തോടൊപ്പം നഷ്ടപ്പെട്ടത് പൂന്തേന്‍ നുകര്‍ന്ന് പരാഗണം നടത്തിയിരുന്ന പൂമ്പാറ്റകളും പൂതുമ്പികളുമാണ്.
അവാസ കേന്ദ്രങ്ങള്‍ നഷ്ടപ്പെട്ടതോടെ ചിത്രശലഭങ്ങള്‍ വലിയ തോതിലുള്ള വംശനാശത്തിന് ഇരകളായി കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഈസാഹചര്യത്തിലാണ് വിദ്യാ എന്‍ജിനിയറിങ്് കോളജിലെ ഫിസിക്കല്‍ എജുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അരുന്ധതി ശശികുമാറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പൂമ്പാറ്റകള്‍ക്കായി ഉദ്യാനം തീര്‍ത്ത് ശലഭ സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിക്കുന്നത്.
ആലത്തൂര്‍ മംഗലം ഗാന്ധി സ്മാരകം യു.പി.സകൂള്‍ അധ്യാപകനായ സഹോദരന്‍ ബിമലാണ് ഈ തീരുമാനത്തിന് അരുന്ധതിക്ക് പ്രചോദനമായത്.
ബിമല്‍ തന്റെ വിദ്യാലയത്തില്‍ നാല് വര്‍ഷമായി ശലഭോദ്യാനം നിര്‍മിച്ച് പരിപാലിച്ച് വരുന്നുണ്ട്.
സഹോദരിയായ ആലത്തൂര്‍ എസ്.എന്‍.കോളജിലെ സുവോളജി ലക്ചറര്‍ ആരതിയാണ് വിവിധ ഇനത്തിലുള്ള ശലഭങ്ങളും അവയുടെ പ്രത്യേകതകളും അരുന്ധതിക്ക് പകര്‍ന്ന് നല്‍കിയത്.
26 ഇനം ചിത്രശലഭങ്ങള്‍ തങ്ങളുടെ ഉദ്യാനത്തില്‍ വിരുന്നെത്തിയതായി അരുന്ധതി പറയുന്നു. കൃഷ്ണ ശലഭം, അരളി ശലഭം, നീലക്കടുവ, വരയന്‍ക്കടുവ, എരിക്ക്തപ്പി, മഞ്ഞപാപ്പാത്തി, ബുദ്ധമയൂരി,നാട്ട് റോസ് തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ശലഭമായ ഗരുഢ ശലഭം ഉള്‍പ്പടെ ഈ ഉദ്യാനത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ മഴ ആരംഭിച്ചതോടെ നീലക്കടുവ ഇനത്തില്‍പെട്ട ശലഭങ്ങളാണ് കൂടുതലായുള്ളത്.
ശലഭങ്ങള്‍ക്ക് തേന്‍ നുകരാന്‍ തെച്ചി, ചെമ്പരത്തി,റോസ്, ചെണ്ടുമല്ലി,കോളാമ്പി, പത്ത്മണി, നാല്മണി, അരിപ്പൂ തുടങ്ങിയ ചെടികളും,മുട്ടയിടാന്‍ നാരകം, കറിവേപ്പ്, എരുക്ക്, കറുകപട്ട, കര്‍ലകം, കണിക്കൊന്ന മുതലായ ചെടികളും തോട്ടത്തില്‍ നട്ട് പിടിപ്പിച്ചിട്ടുണ്ട്.
പൂമ്പാറ്റകളെ സംരക്ഷിക്കുന്നതിനോടൊപ്പം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശലഭോദ്യാനത്തിലൂടെ മാനസിക ഉല്ലാസം ലഭിക്കുന്നുണ്ടെന്നും കോളജ് അധികൃതര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."