മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്റര്‍ നവീകരണം വിജയകരം
തൊടുപുഴ: ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ നവീകരണം പൂര്‍ത്തിയാക്കിയ മൂന്നാം നമ്പര്‍ ജനറേറ്ററില്‍ ഉല്‍പാദനം തുടങ്ങി. തുടര്‍ച്ചയായി 72 മണിക്കൂര്‍ പൂര്‍ണ ശേഷിയായ 130 മെഗാവാട്ടില്‍ ഗ്രിഡില്‍ ബന്ധിപ്പിച്ചുള്ള ടെസ്റ്റ്‌റണ്ണും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ജനറേറ്റര്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിച്ച് ഡ്രിപ്പ്‌ചെയ്ത് നടത്തിയ പരീക്ഷണവും വിജയകരമായിരുന്നു.
1976ല്‍ കമ്മിഷന്‍ ചെയ്ത ഒന്നാംഘട്ട ജനറേറ്ററുകളുടെ നവീകരണമാണ് നടന്നുവരുന്നത്. ഗവേണിങ് സിസ്റ്റം, എക്‌സൈറ്റേഷന്‍ സിസ്റ്റം, ഇന്‍സ്ട്രുമെന്റേഷന്‍ സിസ്റ്റം, പ്രൊട്ടക്ഷന്‍ സിസ്റ്റം, കണ്‍ട്രോള്‍ സിസ്റ്റം ഉള്‍പ്പെടെ നവീകരിച്ചു. കൂടാതെ ജനറേറ്ററുകളുടെ സ്റ്റേറ്റര്‍ വൈന്‍ഡിങ്, റോട്ടര്‍ പോളുകള്‍, ബെയറിങ്ങുകള്‍ എന്നിവയുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ട്രയല്‍റണ്‍ നടത്തിയത്. ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ നവീകരിച്ച ജനറേറ്ററുകള്‍ സുഗമവും സുരക്ഷിതവും ആയിട്ടുള്ള പ്രവര്‍ത്തനവും കൂടുതല്‍ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ എടുത്തിരിക്കുന്നത് ജി.ഇ പവര്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയാണ്. പൂര്‍ണമായും കെ.എസ്.ഇ.ബിയുടെ മേല്‍നോട്ടത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മൂലമറ്റം പവര്‍ഹൗസിലെ ഒന്നാംഘട്ടത്തിലെ 130 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നു ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ മൂന്നു വര്‍ഷംകൊണ്ടു നവീകരിക്കാനാണ് വൈദ്യുതി ബോര്‍ഡ് പദ്ധതി. വൈദ്യുതി ഉല്‍പാദനത്തെ ബാധിക്കാത്ത വിധത്തില്‍ ജൂണ്‍മുതല്‍ ഡിസംബര്‍വരെയുള്ള സമയത്താണ് ഓരോ ജനറേറ്റര്‍ വീതം നവീകരിക്കുന്നത്. അടുത്ത ജനറേറ്ററിന്റെ നവീകരണം ജൂണില്‍ ആരംഭിക്കും.
ഒന്നാംഘട്ടത്തില്‍ 390 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള മൂന്നു ജനറേറ്ററുകളാണുള്ളത്. ബംഗളൂരുവിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആര്‍.എല്‍.എ (റെസിഡ്യുവല്‍ ലൈഫ് അനാലിസിസ്) പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നവീകരണം. പുനരുദ്ധാരണത്തിനു കേന്ദ്ര വൈദ്യുതി അതോറിറ്റിയും നിര്‍ദേശം നല്‍കിയിരുന്നു.
1985 നവംബര്‍ നാലിനു കമ്മിഷന്‍ ചെയ്ത രണ്ടാംഘട്ടത്തിലെ മൂന്നു ജനറേറ്ററുകള്‍ നവീകരിക്കാന്‍ സമയമായിട്ടില്ലെന്നാണു വിലയിരുത്തല്‍. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ മൂലമറ്റം പവര്‍ഹൗസിന്റെ ഒന്നാംഘട്ടം കമ്മിഷന്‍ ചെയ്തത്. 10.115 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റത്തെ ഇന്നലത്തെ ഉല്‍പാദനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."