'അഗ്രി ഫെസ്റ്റ് 2017' പ്രകൃതിയിലേക്ക് തിരിച്ചുവിളിക്കുന്നു
പരപ്പനങ്ങാടി: എന്റെ ഇടം കവര്‍ന്നവര്‍, എന്നെ കുടിയിറക്കിയവര്‍ എന്നെ കാണാന്‍ ടിക്കെറ്റടുത്തു വരുന്നു. നെല്‍വയല്‍ കാഴ്ച്ചക്ക് മേല്‍ ആത്മഗതമുയര്ന്ന അക്ഷരങ്ങള്‍ക്ക് താഴെ സന്ദര്‍ശകരുടെ മനസിന് പച്ചപ്പ് പകരുന്ന കൊച്ചു വയല്‍, തൊട്ടടുത്തായി മുറിച്ചു മാറ്റപ്പെട്ട മരങ്ങളില്‍ നിന്ന് ചാലിട്ടൊഴുകുന്ന കണ്ണീര്. പടിയിറങ്ങിയ ഒഴുക്കും ഓളവും മണ്ണടിഞ്ഞ കുളവും സംസ്ക്കാരത്തിന്റെ അടയാളപെടുത്തലുകളുമായി പരപ്പനങ്ങാടി ടൗണിലൊരുക്കിയ 'അഗ്രി ഫെസ്റ്റ് 2017' പ്രകൃതി സത്യങ്ങളെ തമസ്ക്കരിക്കുന്ന സമൂഹത്തിന് താക്കീതായി.
നബാര്‍ഡിന്റെയും പരപ്പനങ്ങാടി സര്‍വിസ് സഹകരണ ബാങ്കിന്റെയും മേല്‍നോട്ടത്തില്‍ പരപ്പനങ്ങാടി നഗരസഭയും പരപ്പനാട് ഫാര്‍മേഴ്സ് ക്ലബും സംയുക്തമായാണ് അഗ്രി ഫെസ്റ്റ് സംഘടിക്കുന്നത്. വിവിധയിനം പഠന സ്റ്റാളുകള്‍ക്ക് മുന്നിലായാണ് നെല്‍വയലും, നീര്‍ചാലുകളും മര വേരുകളില്‍ നിന്ന് മുള പൊട്ടിയ നീരുറവകളും സംവിധാനിച്ചിട്ടുള്ളത്.
മരങ്ങളുടെ കഴുത്തറുക്കുന്നവര്‍ തലമുറകളുടെ അടിവേരാണ് തകര്‍ക്കുന്നതെന്നും കുളങ്ങളും നീര്‍ച്ചാലുകളും നികത്തുന്നവര്‍ സമൂഹത്തിന്റെ നില നില്പാണ് അപകടത്തിലാക്കുന്നതെന്നും പ്രദര്‍ശന നഗരിയിലെ കാര്‍ഷിക കളത്തിന്റെ ഇന്‍ ചാര്‍ജും പരപ്പനാട് ഫാര്‍മേഴ്സ് ക്ലബിന്റെ അധ്യക്ഷനുമായ സംസ്ഥാന കര്‍ഷക മിത്ര അവാര്‍ഡ് ജേതാവ് അബ്ദുറസാഖ് മുല്ലപ്പാട്ട് സന്ദര്‍ശകരെ ബോധവല്‍കരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."