മാനിപ്പാടത്തെ അനധികൃത നിര്‍മാണ പ്രവൃത്തി തുടരുന്നു
തിരൂരങ്ങാടി: വയല്‍ നികത്തുന്നതിനെതിരേ നടപടിയില്ല. അധികൃതര്‍ ഒത്താശ ചെയ്യുന്നതായി ആക്ഷേപം. തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ചെമ്മാട് മാനിപ്പാടത്താണ് വയല്‍ നികത്തി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നത്. സംഭവം കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മൂക്കിനുതാഴെ നടക്കുന്ന സംഭവത്തില്‍ റവന്യു അധികൃതര്‍ മൗനം നടിക്കുകയാണ്.
മൂന്നുമീറ്ററോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തിയുടെ നിര്‍മാണമാണ് തുടക്കത്തില്‍ നടന്നിരുന്നത്. കഴിഞ്ഞദിവസം മുതല്‍ ജെ.സി.ബി ഉപയോഗിച്ച് വയലില്‍ നിന്നു മണ്ണെടുത്ത് ഇതില്‍ നിറയ്ക്കുന്ന പ്രവര്‍ത്തിയുംആരംഭിച്ചു.
പ്രദേശത്ത് മൂന്നു മീറ്ററോളം ഉയരത്തില്‍ വയല്‍ മണ്ണിട്ട് നികത്തി ഓഡിറ്റോറിയത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. നിരവധി തവണ പ്രദേശവാസികള്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഇല്ലാത്തതാണ് നിര്‍മാണപ്രവൃത്തികള്‍ക്ക് പ്രചോദനമാവുന്നത്.
ദിവസം മുപ്പതോളം തൊഴിലാളികള്‍ രാപ്പകല്‍ ഭേദമന്യേ തകൃതിയായാണ് പ്രവൃത്തി നടത്തുന്നത്. സംഭവത്തില്‍ നിര്‍മാണങ്ങള്‍ കഴിഞ്ഞതിന് ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കാമെന്ന് ധാരണയെത്തിയാണ് പ്രദേശത്തെ പ്രവൃത്തികള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിന് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്‍തുക കോഴ വാങ്ങിയതായി അവര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിലപാടിനെതിരേ കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
അതേസമയം നിര്‍മാണത്തിനെതിരേ വില്ലേജ് ഓഫിസര്‍ കഴിഞ്ഞദിവസം സ്റ്റോപ്പ് മെമ്മോ നല്‍കിയതായാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പറഞ്ഞു. എന്നാല്‍ നിര്‍മാണ പ്രവൃത്തി ഇന്നലെ വൈകീട്ടും തകൃതിയായി തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."