തീരദേശവും ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയില്‍: മത്സ്യ വിപണിയോട് മുഖംതിരിച്ചു ഉപഭോക്താക്കള്‍
തിരുവനന്തപുരം: വിഷമത്സ്യത്തിന്റെ ഒഴുക്ക് സംസ്ഥാനത്തെ മത്സ്യവിപണിക്ക് കനത്ത ഭീഷണിയാവുന്നു. വിഷം കലര്‍ന്ന മത്സ്യ വിപണനത്തിനെതിരേ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ മലയാളിയുടെ തീന്‍മേശയില്‍നിന്നു മീന്‍ അപ്രത്യക്ഷമായി. മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫോര്‍മാലിന്‍ മത്സ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതായ കണ്ടെത്തല്‍ പുറത്തുവന്നതോടെയാണ് ഉപഭോക്താക്കള്‍ വിപണയോട് മുഖംതിരിച്ചു തുടങ്ങിയത്. മീന്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയുമാണ് ഉപഭോക്താക്കളുടെ പിന്മാറ്റം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മത്സ്യത്തിന്റെ ആവശ്യകതയും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒരു ദിവസം 2,500 കിലോഗ്രാം മത്സ്യമാണ് വിറ്റഴിക്കുന്നതെന്നാണ് കണക്ക്. ഇതില്‍ 1000 കിലോ മത്സ്യവും എത്തുന്നത് ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ്. ട്രോളിങ് നിരോധന കാലമായിട്ടും മത്സ്യത്തിന്റെ വിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. അഞ്ചു ദിവസം മുന്‍പു 370 രൂപയ്ക്കു വിറ്റിരുന്ന കിളിമീനിന് ഇന്നലെ 160 ല്‍ താഴെയായി വില. 400 രൂപ വിലയുണ്ടായിരുന്ന ചൂര 200 ലേക്ക് താഴ്ന്നു. മത്തി ആര്‍ക്കും വേണ്ടാതായി. സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷകണക്കിന് കുടുംബങ്ങളുടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."