റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ കാഫുമലയില്‍ കുന്നിടിച്ച് നിരത്തുന്നു
താമരശേരി: കൊടുവള്ളി നഗരസഭയിലെ കരീറ്റിപ്പറമ്പ് മാനിപുരം ഡിവിഷനുകളില്‍പെട്ട കാഫുമലയുടെ കൂടക്കുഴി തൃപോയില്‍ ഭാഗങ്ങളിലെ രണ്ടേക്കര്‍ വരുന്ന കുന്നിന്‍പ്രദേശം ഇടിച്ചുനിരത്തുന്നു. റിസോര്‍ട്ട് മാഫിയയാണ് കാഫുമല ഇടിച്ചുനിരത്തി അനധികൃത നിര്‍മാണം നടത്തുന്നത്. കൊടുവള്ളി നഗരസഭയിലെയും മടവൂര്‍, കിഴക്കോത്ത് എന്നീ പഞ്ചായത്തുകളിലെയും ആയിരക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്ക് ഈ മലയിലാണു സ്ഥിതി ചെയ്യുന്നത്. ഇതിന്റെ 100 മീറ്റര്‍ മാത്രം അകലത്തിലാണ് ഇടിച്ചുനിരത്തിയിരിക്കുന്നത്. ലക്ഷക്കണക്കിനു ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ നിലനില്‍പ്പുപോലും ഇതുമൂലം അപകടത്തിലായിരിക്കുകയാണ്.
നാലുവര്‍ഷം മുന്‍പ് ചില വ്യക്തികളുടെയും ഒരു സ്ഥാപനത്തിന്റെയും കൈവശമുണ്ടായിരുന്ന അഞ്ചേക്കര്‍ വരുന്ന ഭൂമി കോഴിക്കോട് സ്വദേശികള്‍ ചുരുങ്ങിയ വിലക്ക് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ആറുമാസം മുന്‍പാണ് കാഫുമലയില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. എന്നാല്‍ എന്തു നിര്‍മാണമാണ് ഇവിടെ നടക്കുന്നതെന്നതിനെ കുറിച്ച് നാട്ടുകാര്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. ഉടമകളെ നാട്ടുകാരില്‍ ചിലര്‍ ബന്ധപ്പെട്ടപ്പോള്‍ വീടുകളാണ് നിര്‍മിക്കുന്നതെന്നായിരുന്നു ആദ്യം മറുപടി ലഭിച്ചത്. എന്നാല്‍ ചിലരോട് റിസോര്‍ട്ട് നിര്‍മാണത്തിനെന്നും ആയുര്‍വേദ ആശുപത്രിയെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. കാഫുമലയുടെ മുകള്‍ഭാഗം ഇപ്പോള്‍ പൂര്‍ണമായും ഇടിച്ചുനിരപ്പാക്കിയ നിലയിലാണ്. മരങ്ങള്‍ മുറിക്കുകയും പാറകള്‍ പൊട്ടിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.
വീടുനിര്‍മാണത്തിനാണെന്ന തെറ്റിദ്ധാരണയെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ പ്രദേശവാസികള്‍ നിര്‍മാണ പ്രവൃത്തിക്കെതിരേ രംഗത്തുവന്നിരുന്നില്ല. കുന്നിന്‍ മുകളിലായിരുന്നതിനാല്‍ നാട്ടുകാര്‍ തിരിഞ്ഞുനോക്കിയതുമില്ല. ഭീമമായ രീതിയില്‍ പാറപൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും പ്രദേശവാസികളെ സംശയത്തിലാക്കുകയായിരുന്നു. അപ്പോഴേക്കും രണ്ടേക്കറയോളം വരുന്ന ഭൂമി ഇടിച്ചുനിരപ്പാക്കുകയും വന്‍ മതില്‍ പണികഴിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഇവിടെ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നത്. കെട്ടിടം നിര്‍മിക്കുന്നതിനായി അഞ്ച് ഇഞ്ച് മാത്രം വീതിയില്‍ രണ്ടു മീറ്ററിലധികം ഉയരത്തിലും 100ഓളം മീറ്ററിലതികം നീളത്തിലുമുള്ള കോണ്‍ക്രീറ്റ് മതില്‍ പണികഴിപ്പിച്ചിട്ടുണ്ട്. മതിലിന്റെ അടിഭാഗത്തു ഫില്ലറുകളും നിര്‍മിച്ചിട്ടുണ്ട്.
മതിലിനടിയിലൂടെ മഴവെള്ളത്തോടൊപ്പം ശക്തമായ മണ്ണൊലിപ്പും ഉണ്ടാകുന്നതായി പരിസരവാസികള്‍ പരാതിപ്പെടുന്നു. ഇതു തുടര്‍ന്നാല്‍ ഭീമന്‍കല്ലുകള്‍ താഴേക്കു പതിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇത്രയധികം ഉയരമുള്ള മതിലുകള്‍ നിര്‍മിക്കുമ്പോള്‍ ആവശ്യമായ ബലം ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മലയടിവാരത്ത് നൂറുകണക്കിനു വീടുകളാണ് സ്ഥിതിചെയ്യുന്നത്. പ്രദേശത്തു ശക്തമായ മഴയാണു പെയ്തുകൊണ്ടിരിക്കുന്നതും. ശക്തമായ മണ്ണൊലിപ്പും മഴവെള്ളവും സമീപത്തെ വീട്ടുമുറ്റങ്ങളിലേക്കു ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ നിര്‍മാണപ്രവൃത്തി നടക്കുന്ന സ്ഥലത്തിന്റെ മാറ്റൊരു ഭാഗത്തെ മതില്‍കെട്ടും ഇടിഞ്ഞിട്ടുണ്ട്.
നാട്ടുകാരുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവൃത്തിക്കെതിരേ നഗരസഭയെ സമീപിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് നഗരസഭാ അധ്യക്ഷ ശരീഫ കണ്ണാടിപ്പൊയില്‍, വൈസ് ചെയര്‍മാന്‍ എ.പി മജീദ്, കൗണ്‍സിലര്‍മാരായ വി.സി നൂര്‍ജഹാന്‍, യു.വി ഷാഹിദ്, വിമല ഹരിദാസന്‍ എന്നിവരും നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അതേസമയം, കൊടുവള്ളി നഗരസഭയായി പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള പഞ്ചായത്ത് ഭരണസമിതി കാഫുമലയിലേക്ക് റോഡ് നി ര്‍മിച്ചുനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."