അന്‍വറിനുമാത്രമല്ല, മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സാനുവിനും ഇഷ്ടം രാഹുലിനോട്!
മലപ്പുറം: രാഹുല്‍ തരംഗം ആഞ്ഞടിക്കുന്ന കാംപസുകളില്‍ രാഹുല്‍ഗാന്ധിയെ അടിമുടി അനുകരിച്ച് മലപ്പുറം മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ഥി വി.പി സാനു. പച്ച ടീഷര്‍ട്ടും ജീന്‍സും ധരിച്ച് മലപ്പുറം ഗവണ്‍മെന്റ് കോളജിലെത്തിയ ഫ്രീക്കന്‍ ചെക്കന്റെ നാട്യങ്ങളെല്ലാം രാഹുല്‍ മയം. മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ഇടതുസ്ഥാനാര്‍ഥി ഗവണ്‍മെന്റ് കോളജിലെത്തുന്നുവെന്ന അറിയിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത് ഇന്ന് രാവിലെ 8.44ന്. സാനു എത്തുന്നത് വിത്യസ്തനായെന്ന് സ്ഥാനാര്‍ഥിയുടെ മാധ്യമചുമതലയുള്ളയാളുടെ പിന്‍കുറിപ്പും കൂടെയുണ്ടായിരുന്നു.
സ്ഥാനാര്‍ഥിയെത്തുംമുമ്പേ കോളജില്‍ മാധ്യമപ്പടയെത്തി. മുത്തുക്കുടയേന്തിയ വിദ്യാര്‍ഥികളുടെ അകമ്പടിയോടെയെത്തിയ സ്ഥാനാര്‍ഥിയോടു പച്ചവേഷത്തെകുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് രാഹുല്‍ സ്‌റ്റൈല്‍ മറുപടി. എല്ലാ നിറവും നല്ലതാണ്. പച്ചയും നല്ലനിറമാണ്, അതില്‍ പിന്നെ നിലക്കാത്ത കൈയടി.
എസ്.എഫ്.ഐ ദേശീയ നേതാവ് മത്സരിക്കുന്ന മണ്ഡലത്തിലെ പ്രചരണ തന്ത്രങ്ങള്‍ മെനയുന്നതെല്ലാം ഏറെക്കുറേ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. കൈവീശിയും കുശലം പറഞ്ഞും സെല്‍ഫിയെടുത്തും സ്ഥാനാര്‍ഥി രംഗം വിട്ടതിനു തൊട്ടുപിന്നാലെ സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന് 'വ്യത്യസ്ഥ' പ്രചരണത്തിന്റെ വാര്‍ത്തയെത്തി.
അതിലെ വരികളിങ്ങനെ. 'കഴിഞ്ഞ ദിവസം ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ കോളെജ് വിദ്യാര്‍ഥികളുമായി സംവദിച്ചതിനെ അനുസ്മരിക്കും വിധമായിരുന്നു സാനുവിന്റെ ഗവണ്‍മെന്റ് കോളജിലെ വോട്ടഭ്യര്‍ത്ഥന'. രാഹുലിന് ശക്തിപകരാന്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്യണമെന്ന പൊന്നാനിയിലെ ഇടതുസ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് എസ്.എഫ്.ഐ നേതാവും തന്റെ രാഹുല്‍ ഭ്രമം പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."