റിലയന്‍സ് ഒ.എഫ്.സി കേബിള്‍ സ്ഥാപിക്കല്‍; അനുമതി നല്‍കിയതിനു പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്നാവശ്യം
നിലമ്പൂര്‍: റിലയന്‍സ് ഒ.എഫ്.സി കേബിള്‍ അനുമതി നല്‍കിയതിനു പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന് സി.പി.ഐ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സിനിമാ തിയറ്റര്‍ വിനോദനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടത്തിയത് പുറത്തു കൊണ്ടുവന്നതും സിപിഐ ആണ്. ഇത്തരമൊരു വെട്ടിപ്പാണ് റിലയന്‍സ് കേബിളിനു വേണ്ടിയും നടന്നിട്ടുള്ളത്.
ഈ ഭരണസമിതി അധികാരമേല്‍ക്കുന്നതിനു മുന്‍പ് 2015 ഒക്‌ടോബര്‍ 13ന് റിലയന്‍സ് നല്‍കിയ കത്തില്‍ നഗരസഭാ കൗണ്‍സില്‍ 2016 മാര്‍ച്ച് മൂന്നിന് ചര്‍ച്ച ചെയ്‌തെങ്കിലും മീറ്ററിന് 750 രൂപ വീതം പ്രതിവര്‍ഷം തറവാടകയായും കട്ടിങ് ചാര്‍ജ് പുറമേയും ചാര്‍ജ് ചെയ്യാന്‍ നെഗോസ്യേഷന്‍ നടത്താന്‍ ചുമതലപ്പെടുത്തിയ സെക്രട്ടറിയും ചെയര്‍പേഴ്‌സനും മേല്‍ വിവരങ്ങള്‍ ഒരു കൊല്ലം കൗണ്‍സിലിനു മുന്നില്‍ നിന്ന് മറച്ചുപിടിച്ചത് ദുരൂഹമാണ്.
ഇതിന്റെ എസ്റ്റിമേറ്റ് നഗരസഭാ എന്‍ജിനീയറുടെ നേതൃത്വത്തില്‍ തയാറാക്കിയത് ഭരണസമിതിയുടെ അറിവോടെയാണ്. സത്യത്തില്‍ എസ്റ്റിമേറ്റില്‍ കാണിച്ചിട്ടുള്ളതിന്റെ ഇരട്ടിയിലധികം ദൂരം ഉണ്ടെന്ന് ചില സാങ്കേതിക വിദഗധര്‍ പറയുന്നു. പ്രവര്‍ത്തനാനുമതി വാങ്ങാതെ റിലയന്‍സ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തതിനെതിരെ നിലമ്പൂര്‍ പൊലിസില്‍ പരാതി നല്‍കാന്‍ ഈ മാസം 11 ലെ കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നിലമ്പൂര്‍ നഗരസഭ പരാതി നല്‍കാത്തത് അംബാനിമാരെ രക്ഷിക്കാനാണെന്ന് സി.പി.ഐ ആരോപിച്ചു.
ഈ പകല്‍കൊള്ളക്കെതിരെയുള്ള അഴിമതി വിരുദ്ധപോരാട്ടത്തില്‍ രാഷ്ട്രീയ ജാതിമത വിശ്വാസങ്ങള്‍ക്കതീതമായി പോരാട്ടം നടത്താന്‍ സി.പി.ഐ മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ലോക്കല്‍ സെക്രട്ടറി പി.എം ബഷീര്‍ അധ്യക്ഷനായി. ടി.കെ ഗിരീഷ് കുമാര്‍, സി.വി അശോകന്‍, എം. മുജീബ് റഹ്മാന്‍, പി. ഷാനവാസ്, ഇ.കെ ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."