തെരഞ്ഞെടുപ്പ് ചൂട് ശമിച്ചു; വേനല്‍ച്ചൂട് കനത്തുതന്നെ
മഞ്ചേരി: ജില്ലയില്‍ തെരഞ്ഞെടുപ്പ് ചൂടിനു താല്‍ക്കാലിക ശമനമായെങ്കിലും അന്തരീക്ഷ താപനില ഉയര്‍ന്നുതന്നെ. 2016ലേതിനേക്കാള്‍ ഈ വര്‍ഷം വേനല്‍മഴ ലഭിച്ചുതുടങ്ങിയിട്ടും 38 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രിവരെയുള്ള ചൂടാണ് അനുഭവപ്പെടുന്നതെന്ന് ആനക്കയം ഗവേഷണ കേന്ദ്രത്തിലെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്നലെ രേഖപ്പെടുത്തിയ ചൂട് 39 ഡിഗ്രി സെല്‍ഷ്യസാണ്. ഏപ്രില്‍ ഒന്നു മുതല്‍ 38-39 ഡിഗ്രിവരെ ചൂട് അനുഭപ്പെടുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് 31നു 40 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ടതായാണ് ഗവേഷണ കേന്ദ്രത്തിലെ കണക്കുകള്‍ തെളിയിക്കുന്നത്.
ഈ വര്‍ഷം ഇതുവരെയായി അനുഭവപ്പെട്ട ഏറ്റവും കനത്ത ചൂടായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടിയ ചൂട് 39 ഡിഗ്രിയും കഴിഞ്ഞ വര്‍ഷംതന്നെ ഇതേ കാലയളവില്‍ 38 ഡിഗ്രിചൂടും അനുഭവപ്പെട്ടിരുന്നു.
ഇത്തവണ ഏതായാലും ആശ്വാസമായി വേനല്‍മഴ പലഭാഗങ്ങളിലും ലഭിച്ചുവരുന്നുണ്ട്. ഈ മാസം 15 മില്ലി മീറ്റര്‍വരെ മഴ ലഭിച്ചു. നഗരപ്രദേശങ്ങളെ അപേക്ഷിച്ചു ജില്ലയിലെ കരുവാരക്കുണ്ട്, കാളികാവ് തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചു.
മഞ്ചേരി, ആനക്കയം ഭാഗങ്ങളിലും കൂടുതല്‍ വേനല്‍ മഴ ലഭിച്ചിട്ടുണ്ട്. എന്നാല്‍, 2016ല്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ തീരെ വേനല്‍ മഴ ലഭിച്ചിരുന്നില്ല. കുറഞ്ഞ തോതില്‍ വേനല്‍ മഴ ലഭിക്കുന്ന ദിവസങ്ങളില്‍ രാത്രിസമയത്തു ശക്തമായ ചൂടാണ് അനുഭവപ്പെടുന്നുത്.
കനത്ത ചൂടുകാരണം പലര്‍ക്കും ത്വക്ക് രോഗങ്ങളും കൂടുതലാകുന്നുണ്ട്. വേനല്‍മഴയുടെ സാന്നിധ്യംമൂലം തീപിടിത്ത ദുരന്തങ്ങള്‍ക്കു ശമനം വന്നിട്ടുണ്ട്.
കൊടും വെയില്‍ അനുഭവപ്പെടാറുള്ള പകല്‍ സമയങ്ങളില്‍ ജില്ലയില്‍ അഗ്നിശമനസേനയ്ക്കു അഗ്നിപരീക്ഷണമാണുണ്ടായിരുന്നത്. ഏക്കര്‍ കണക്കിനു റബര്‍ തോട്ടങ്ങളാണ് ഇക്കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കത്തിനശിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."