സഊദിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് മക്കയില്‍ ഒഴികെ പള്ളികളില്‍ ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് അനുമതി
റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സഊദിയില്‍ ഏര്‍പ്പെടുത്തിയ വിലക്കുകളില്‍ ആഭ്യന്തര മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. മക്കയില്‍ ഒഴികെയുള്ള രാജ്യത്തെ ആരാധനാലയങ്ങളില്‍ നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്കും വെള്ളിയാഴ്ച്ച പ്രാര്‍ഥനകള്‍ക്കും അനുമതി നല്‍കി. എന്നാല്‍ ഉംറയ്ക്കും അന്ത്രാഷ്ട്ര വിമാന സര്‍വിസുകള്‍ക്കും അനുമതിയില്ല.
31 മുതല്‍ ജൂണ്‍ 20 വരെയാണ് നിയന്ത്രണങ്ങളോടെ ജുമുഅ, ജമാഅത്തിന് അനുമതി നല്‍കിയത്. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അനുമതി.
മൂന്ന് ഘട്ടങ്ങളായാണ് രാജ്യത്തെ നിയന്ത്രണങ്ങള്‍ നീക്കുന്നത്. ഞായര്‍ മുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാം. ആഭ്യന്തര വിമാന സര്‍വിസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീക്കി.
ഘട്ടംഘട്ടമായാണ് വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുക. ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ മെയ് 28 മുതല്‍ 30 വരെ രാവിലെ ആറു മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയങ്ങളില്‍ മക്ക ഒഴികെയുള്ള മറ്റു മേഖലകളില്‍ യാത്രാ അനുമതി നല്‍കും. കര്‍ഫ്യു ഇല്ലാത്ത സമയങ്ങളില്‍ സ്വകാര്യ കാറുകളിലും യാത്ര അനുവദിക്കും.
ചില്ലറ, മൊത്ത സ്ഥാപനങ്ങളും മാളുകളും തുറക്കും. അതേസമയം, ബാര്‍ബര്‍ ഷോപ്പുകള്‍, ജിം, സിനിമ, വിവാഹങ്ങള്‍, സല്‍കാരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. അന്‍പതിലേറെ പേര്‍ കൂടുന്ന ഒരു പരിപാടികളും അനുവദിക്കില്ല.
മെയ് 30 മുതല്‍ ജൂണ്‍ 20 വരെയുള്ള രണ്ടാം ഘട്ടത്തില്‍ മക്കയൊഴികെ എല്ലാ മേഖലകളിലുമുള്ള യാത്രാ അനുമതി രാത്രി എട്ട് മണി വരെയാക്കി ഉയര്‍ത്തും. ജോലി സ്ഥലങ്ങളിലെ വിലക്ക് നീക്കുന്നതോടെ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച് ആഭ്യന്തര വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതും രണ്ടാം ഘട്ടത്തിലാണ്.
വ്യോമയാന, ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങളോടെയായിരിക്കും അനുമതി. വിവിധ ഗതാഗത രീതികള്‍ ഉപയോഗിച്ച് രാജ്യത്തിലെ പ്രദേശങ്ങള്‍ തമ്മിലുള്ള യാത്രാ വിലക്ക് നീക്കും.
റെസ്‌റ്റോറന്റുകളിലും കഫേകളിലും ഭക്ഷണപാനീയങ്ങള്‍ വിളമ്പാന്‍ അനുവദിക്കും. എന്നാല്‍ ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാശാലകള്‍ എന്നിവ തുറക്കാന്‍ അനുവാദമുണ്ടാകില്ല. കൂടാതെ, വിവാഹങ്ങളും ഖബറടക്ക ചടങ്ങുകള്‍ പോലെയുള്ള അമ്പതിലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കും വിലക്ക് തുടരും.
ജൂണ്‍ 21 മുതലുള്ള മൂന്നാംഘട്ടത്തില്‍ മക്കയൊഴികെയുള്ള രാജ്യത്തെ മറ്റിടങ്ങള്‍ പൂര്‍വ സ്ഥിതിയിലേക്ക് മാറും. എന്നാല്‍, സാമൂഹിക അകലം പാലിക്കുന്നത് തുടരുകയെന്ന നിബന്ധന പൂര്‍ണമായും പാലിക്കണം.
മക്കയില്‍ മെയ് 31 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലങ്ങളില്‍ ഒന്നാം ഘട്ടവും ജൂണ്‍ 21 മുതല്‍ രണ്ടാം ഘട്ടവും ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ പ്രഖ്യാപിച്ചത് പോലെയായിരിക്കുമോ എന്നതില്‍ വ്യക്തതയില്ല.
മക്കയില്‍ ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങള്‍ കുറഞ്ഞ ആളുകളെ വച്ച് തന്നെ തുടരും. ഉംറ തീര്‍ഥാടനവും മദീന പ്രവാചക പള്ളി സന്ദര്‍ശനവും നടത്തുന്നതിനുള്ള വിലക്ക് തുടരും.
ഇളവുകള്‍ ആരോഗ്യ മന്ത്രാലയം തുടര്‍ച്ചയായി അവലോകനം നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന് മുന്‍പ് പ്രഖ്യാപിച്ച പിഴയും നിലനില്‍ക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."