ജനകീയ ഡോക്ടര്‍ക്ക് കുഞ്ഞിമംഗലത്തിന്റെ അശ്രുപൂജ
പയ്യന്നൂര്‍: ജനകീയനായ അശോകന്‍ ഡോക്ടര്‍ക്ക് കുഞ്ഞിമംഗലത്തിന്റെ അശ്രുപൂജ. കേരളത്തിന്റെ തെക്കേയറ്റത്ത് രണ്ടാമത്തെ ജില്ലയായ കൊല്ലം പരവൂരില്‍നിന്നും അശോകന്‍ ഡോക്ടര്‍ സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് രണ്ടാമത്തെ ജില്ലയായ കണ്ണൂരിലെ കുഞ്ഞിമംഗലത്തെത്തിയത് തങ്ങളുടെ ഭാഗ്യമാണെന്ന വിശ്വാസമാണ് ഈ നാട്ടുകാര്‍ക്ക്. എന്ത് അസുഖം വന്നാലും അശോകന്‍ ഡോക്ടറെ കണ്ടാല്‍ തങ്ങളുടെ അസുഖം മാറിയെന്നു വിശ്വസിക്കുന്നവരാണ് കുഞ്ഞിമംഗലത്തുകാര്‍.
ഡോക്ടര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ക്കപ്പുറം പുറത്തൊരു തലോടലും ഉപദേശവും ഒരാശ്വാസ വാക്കും അതുമതി ഇവിടുത്തെ ജനങ്ങള്‍ക്ക്. ഏത് നേരത്തും കയറി ചെല്ലാവുന്ന ഒരാതുരാലയം. ഒരു നാടിന്റെ ജനകീയമായ മുഖം. കണക്ക് പറഞ്ഞുള്ള ഫീസില്ല. നിര്‍ധനരായ രോഗികള്‍ക്ക് അത് ആവശ്യവുമില്ല.
ഒരു ജനതയുടെ ഭാഗമായി മാറിയ ഡോ. അശോകന്‍ വിടപറയുമ്പോള്‍ കുഞ്ഞിമംഗലത്തിന് ഒരു പുണ്യയുഗമാണ് അവസാനിക്കുന്നത്.
കൊല്ലം പരവൂരിലെ ഗോവിന്ദന്‍-കല്യാണി ദമ്പതികളുടെ മകനായ ജി.അശോകന്‍ വെദ്യശാസ്ത്രത്തില്‍ ബിരുദം നേടി 1974ലാണ് കുഞ്ഞിമംഗലത്ത ക്ലിനിക്ക് ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങുന്നതും. അന്നുമുതല്‍ തന്റെ പഠനമികവിനെ ആതുരസേവനമായിക്കണ്ട് പ്രവര്‍ത്തിച്ച ഈ ജനകീയന്‍ ദേശത്തിന്റെ വിശേഷിച്ച് കുഞ്ഞിമംഗലത്തെ ഓരോ കുഞ്ഞിന്റെയും മനസില്‍ സ്ഥിരപ്രതിഷ്ഠയായി. ഡോക്ടറുടെ കാരുണ്യം നിറഞ്ഞ വാക്കും നോക്കും സ്പര്‍ശവും അനുഭവിച്ചറിയാത്ത കുഞ്ഞിമംഗലത്തുകാര്‍ വിരളമാണ്.
വൈദ്യശാസ്ത്ര പുസ്തകത്തേക്കാളുപരി രോഗികളുമായുള്ള നിരന്തര ബന്ധത്തിലൂടെ ആര്‍ജിച്ച അനുഭവജ്ഞാനത്താല്‍ ഏത് രോഗവും തിരിച്ചറിഞ്ഞ് മാര്‍ഗം നിര്‍ദേശിക്കാനുള്ള ഡോക്ടറുടെ വൈഭവം അപാരമാണെന്നു അനുഭവഞ്ജര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."