അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് ഹിസ്ബുല്‍ മുജാഹിദീന്റെ സ്വാഗതം
ജമ്മു: അമര്‍നാഥ് തീര്‍ഥാടകരെ സ്വാഗതം ചെയ്ത് ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ രംഗത്ത്. അമര്‍നാഥ് തീര്‍ഥാടകര്‍ തങ്ങളുടെ അതിഥികളാണെന്നും അവരെ ആക്രമിക്കില്ലെന്നുമാണ് ഭീകര സംഘടനയുടെ അറിയിപ്പ്.
തോക്കിന്‍ മുനയിലെ സുരക്ഷ എന്തിനാണ് തീര്‍ഥാടകര്‍ക്ക് ഒരുക്കുന്നതെന്നും ഹിസ്ബുല്‍ മുജാഹുദീന്‍ പുറത്തു വിട്ട ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹിസ്ബുല്‍ ഓപറേഷനല്‍ കമാന്‍ഡര്‍ റിയാസ് അഹമ്മദ് നായികോയാണ് ശബ്ദ സന്ദേശത്തിന് പിന്നില്‍. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ ജമ്മുകശ്മിര്‍ ഡി.ജി.പിയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയല്ല. അവരെ ഉപദ്രവിക്കാന്‍ തങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ല. മതപരമായ ആഗ്രഹ സഫലീകരണത്തിനാണ് അവര്‍ എത്തുന്നത്. മുന്‍പും തീര്‍ഥാടകരെ ഞങ്ങള്‍ ആക്രമിച്ചിട്ടില്ല. ഞങ്ങളുടെ ആളുകള്‍ക്ക് നേരെ അക്രമം അഴിച്ചു വിടുന്നവരാണ് സംഘടനയുടെ ശത്രുക്കള്‍.
ഇന്ത്യന്‍ ജനതയ്ക്ക് നേരെയല്ല ഹിസ്ബുലിന്റെ പോരാട്ടമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ഇന്നാണ് ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥാടനം ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."