മുതലപ്പൊഴിവാര്‍ഫ് നിര്‍മാണം: മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി
കഠിനംകുളം: പെരുമാതുറ മുതലപ്പൊഴിയില്‍ അദാനി ഗ്രൂപ്പ് നിര്‍മിക്കാന്‍ പോകുന്ന വാര്‍ഫ് നിര്‍മാണത്തിന് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി. ഇതോടെ ദിവസങ്ങളായി നീണ്ട് നിന്ന പ്രദേശവാസികളുടെ സമരം അവസാനിച്ചു. പരിസരവാസികളായ മത്സ്യതൊഴിലാളികള്‍ അടങ്ങുന്ന നാട്ടുകാരാണ് വാര്‍ഫ് നിര്‍മാണവുമായി സഹകരിക്കാതെ സമരം ചെയ്തത്.
സമരക്കാര്‍ ആവശ്യപ്പെട്ട ടൂറിസം പദ്ധതി മുന്‍പ് തീരുമാനിച്ച സ്ഥലത്ത് തന്നെ നടപ്പിലാക്കുമെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ ഉറപ്പ് കൊടുത്തതോടെയാണ് വാര്‍ഫ് നിര്‍മാണത്തിന് സമര നേതാക്കള്‍ അടങ്ങുന്ന ചര്‍ച്ചയില്‍ ഇന്നലെ പരിഹാരമായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഡെപ്യൂട്ടി സ്പീകറും സ്ഥലം എം.എല്‍.എയുമായ വി. ശശിയുടെ നേതൃര്‍ത്വത്തില്‍ മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ ചേമ്പറില്‍ പെരുമാതുറ മുതലപ്പൊഴി ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ വാഹിദ്, വാര്‍ഡ് മെംബര്‍ സിയാദ്, കെ.പി.സി.സി അംഗം എ.എ ലത്തീഫ്, സക്കീര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്.
നാട്ടുകാരുടെ ആവശ്യപ്രകാരം നേരത്തെ പ്രദേശത്ത് നടപ്പിലാക്കാന്‍ പദ്ധതിയിട്ട ടൂറിസം പദ്ധതി അതേ പ്ലാന്‍ അനുസരിച്ച് നടപ്പിലാക്കുമെന്നും മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും പുറത്ത് നിന്ന് വരുന്ന ടൂറിസ്റ്റുകള്‍ക്ക് പഴയതുപോലെസ്ഥലം സന്ദര്‍ശിക്കുന്നതിനും സംവിധാനം ഒരുക്കുമെന്നും പാറകള്‍ ഇറക്കുന്ന സമയത്തും കയറ്റുന്ന സമയത്തും വീടുകള്‍ക്കോ മറ്റു വസ്തുക്കള്‍ക്കോ കേടുപാടുണ്ടായാല്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ നിര്‍മാണവുമായി സഹകരിക്കാന്‍ തയാറായത്.
വാര്‍ഫ് നിര്‍മാണത്തിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച് റോഡ് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങള്‍ നടത്തിയിരുന്നു. നാട്ടുകാരുടെ പ്രശ്‌നം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. ടൂറിസം ഡയറക്ടര്‍, തുമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുംനിര്‍മാണം ഏറ്റെടുത്ത് നടത്തുന്ന അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."