ശക്തനായ സ്ഥാനാര്‍ഥി വേണം: കോണ്‍ഗ്രസിനോട് ആര്‍.എം.പി.ഐ
വടകര: വടകരയില്‍ മത്സരത്തിന് ശക്തനായ സ്ഥാനാര്‍ഥി വരണമെന്നാണ് ആഗ്രഹമെന്ന് ആര്‍.എം.പി.ഐ.
പി. ജയരാജനെപ്പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെ വലിയ വോട്ടിനു പരാജയപ്പെടുത്തണം. മണ്ഡലത്തില്‍ പ്രബലനായ ഒരു സ്ഥാനാര്‍ഥി തന്നെ വേണമെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിനോട് പറഞ്ഞതായി ആര്‍.എം.പി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
മുല്ലപ്പളളി രാമചന്ദ്രന്‍ തന്നെയാണ് ഇതില്‍ പ്രധാന പേരുകാരന്‍. രണ്ടാമത് കെ. മുരളീധരനോ വി.എം സുധീരനോ വരണമെന്നാണ് ആഗ്രഹമെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതായാണ് വിവരം.
ആര്‍.എം.പി.ഐ നേതൃത്വത്തിന്റെ ആഗ്രഹം കൂടി പരിഗണിച്ചാണ് മുല്ലപ്പള്ളിയുമായി ഹൈക്കമാന്‍ഡ് വീണ്ടും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കളെ മണ്ഡലത്തില്‍ പരിഗണിക്കുന്നതായുള്ള വാര്‍ത്തകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുള്ള അസംതൃപ്തിയും മറനീക്കി പുറത്തുവന്നു.
വിദ്യാ ബാലകൃഷ്ണന്റെ പേര് പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടെ വടകരയില്‍ ഇവര്‍ക്കെതിരേ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എതിരാളിക്ക് കീഴടങ്ങാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വേണ്ട, മുല്ലപ്പള്ളിയുടെ വിദ്യ നടക്കില്ല, പി. ജയരാജനെ കെട്ടുകെട്ടിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥി വേണം എന്നീ വാചകങ്ങളുള്ള പോസ്റ്ററുകളാണ് മണ്ഡലത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."