എടച്ചേരി-വേങ്ങോളി പാലം പഞ്ചായത്ത് പ്രസിഡന്റുമാര്‍ കൈമലര്‍ത്തുന്നു; ജനങ്ങളുടെ പ്രതീക്ഷ ബാക്കിയും
എടച്ചേരി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എടച്ചേരിയിലെ വേങ്ങോളി പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം എങ്ങുമെത്തിയില്ല. അന്‍പതിലധികം വര്‍ഷം പഴക്കമുള്ള പാലത്തിലൂടെ കാറിന് കഷ്ടിച്ച് കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്. നിലവിലുള്ള പാലം വരുന്നതിനു മുന്‍പ് ഇവിടെ തെങ്ങിന്‍ തടികളും മണ്‍കൂനകളും ഉപയോഗിച്ച് പാലം തീര്‍ത്തിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതിയങ്ങാടി-വില്യാപ്പള്ളി റോഡ് ടാര്‍ ചെയ്തതോടെ കളിയാംവെള്ളി കനാലിനു കുറുകെ പാലം പണിയുകയായിരുന്നു. മുന്‍കരുതലുകളില്ലാതെ പണിത പാലത്തിനു വീതിക്കുറവായതിനാല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസപ്പെടുകയാണ്.
എന്നാല്‍ പുതിയങ്ങാടിയില്‍നിന്ന് കാര്‍ത്തികപ്പള്ളി വഴി വളരെ എളുപ്പത്തില്‍ വില്യാപ്പള്ളിയിലേക്കെത്താമെന്നതിനാല്‍ ജനസഞ്ചാരം അധികവും ഈ വഴിയായി. തുടര്‍ന്ന് ഇതേ റൂട്ടില്‍ ബസ് സര്‍വിസ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും വീതിയില്ലാത്ത പാലം തടസമാവുകയായിരുന്നു.എടച്ചേരി, പുറമേരി, ഏറാമല പഞ്ചായത്തുകളുടെ പരിധിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലെ പ്രസിഡന്റുമാര്‍ ഉപരിതല ഗതാഗത വകുപ്പുമായി കൂടിയാലോചിച്ച് ചര്‍ച്ച ചെയ്താല്‍ ജനദുരിതത്തിനു പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരുമായി നാട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ അതേക്കുറിച്ചുള്ള നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് അറിയിച്ചത്.
പഞ്ചായത്ത്, അസംബ്ലി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളും പാലം പുതുക്കിപ്പണിയുമെന്ന് അവരവരുടെ പ്രകടനപത്രികയില്‍ പറയാറുണ്ടെങ്കിലും അതെല്ലാം കേവലം സ്വപ്നമായി അവശേഷിക്കുകയാണിപ്പോള്‍. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരന്തരം സര്‍വിസ് നടത്തുന്ന ഈ റൂട്ടിലെ പാലം പെട്ടന്ന് പുതുക്കിപ്പണിയുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."