പേരാമ്പ്രയില്‍ ഇലക്ട്രോണിക്‌സ് കട കത്തിക്കാന്‍ ശ്രമം
പേരാമ്പ്ര: നൊച്ചാട് സ്വദേശിയുടെ ഇലക്ട്രോണിക്‌സ് കട പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമം. ചെമ്പ്ര റോഡ് ജങ്ഷനില്‍ മലയില്‍ ഇസ്മായില്‍, കെ.കെ സന്തോഷ് എന്നിവര്‍ ചേര്‍ന്നു നടത്തുന്ന സ്റ്റാര്‍ ഡി.റ്റി.എച്ച് ഇലക്ട്രോണിക്‌സ് കടയാണ് കത്തിക്കാനുള്ള ശ്രമം നടന്നത്. ഇന്നല പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
കടയുടെ ഷട്ടറിന്റെ അടിയില്‍ നിന്നു തീ ഉയരുന്നത് ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടമകളെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്‌സും പൊലിസും ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഷട്ടറിനിടയിലൂടെ പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. കാര്‍പ്പറ്റ് ഷീറ്റിനു തീപിടിച്ച് കടയില്‍ സൂക്ഷിച്ച വില പിടിപ്പുള്ള ഉപകരണങ്ങള്‍ നശിച്ചിട്ടുണ്ട്. തടി കൊണ്ടു നിര്‍മ്മിച്ച കൗണ്ടറിനു തീ പിടിച്ചു തുടങ്ങിയിരുന്നു. പെട്രോള്‍ നിറച്ചതെന്നു കരുതപ്പെടുന്ന അര ലിറ്ററിന്റെ കുപ്പി കടവരാന്തയില്‍ നിന്നു പൊലിസിനു ലഭിച്ചു.
ഈ ഭാഗത്തെ കടകളില്‍ അധികവും പഴയ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രോണിക്‌സ് കടയുടെ സമീപത്തുള്ള ഹോട്ടലിലേക്ക് തീ പടരുകയാണെങ്കില്‍ വന്‍ നഗരം വലിയൊരു അഗ്‌നിബാധയില്‍ അകപ്പെടുമായിരുന്നു. കട നടത്തുന്ന ഇസ്മായില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ്.
കഴിഞ്ഞ ദിവസം പേരാമ്പ്ര നൊച്ചാട്ട് സി.പി.എം നടത്തിയ അക്രമ പരമ്പരയില്‍ ഇസ്മായിലിന്റെ സഹോദരനും പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റുമായ മുനീറിന്റെ വീട് തകര്‍ക്കപ്പെട്ടിരുന്നു. ഇതിന്റെ പിന്തുടര്‍ച്ചയാകാം ഇതെന്ന് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."