മണല്‍ തൊഴിലാളികള്‍ക്ക് ഇത് വറുതിയുടെ വിഷു
മാവൂര്‍: മണല്‍ തൊഴിലാളികള്‍ക്ക് ഇത് വറുതിയുടെ വിഷു. നദികളിലെ മണല്‍ഖനനം നിരോധിച്ചത് കാരണം മാവൂര്‍ പഞ്ചായത്തില്‍ ചാലിയാറിലെ അഞ്ച് കടവുകളില്‍നിന്ന് മണലെടുക്കാന്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് തോണികളും അനുബന്ധ ഉപകരണങ്ങളും നശിക്കുകയാണ്. ജോലിയില്ലാതെ കഷ്ടപ്പെടുന്ന ആയിരത്തോളം മണല്‍തൊഴിലാളികളുടെ കുടുംബങ്ങളാണ് മാവൂര്‍ പഞ്ചായത്തിലുള്ളത്. രണ്ടര ലക്ഷത്തോളം വില വരുന്ന പത്ത് തോണികള്‍ ഓരോകടവിലും നശിക്കുകയാണ്. മാവൂര്‍ പഞ്ചായത്തില്‍ 1.25 കോടി രൂപയുടെ തോണിയും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് പൂര്‍ണമായും നശിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജിലയിലെ ചാലിയാറിലെ മണല്‍ കടവുകളില്‍ മൂന്ന് വര്‍ഷത്തേക്ക് മണല്‍വാരല്‍ നിരോധിച്ചിരുന്നത്. ശാസ്ത്രീയമായ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കാത്തതാണ് മണലെടുപ്പ് നിരോധിക്കാന്‍ ഇടയായതെന്ന് തൊഴിലാളികള്‍ പറയുന്നു. പഞ്ചായത്ത് അധികൃതരെപ്പോലും അറിയിക്കാതെ സ്വകാര്യ ഏജന്‍സിയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ആരോപണമുണ്ട്. മണല്‍വാരല്‍ നിരോധിച്ച ഉത്തരവിനെതിരെ മണല്‍തൊഴിലാളികളുടെ കോ-ഓര്‍ഡിനേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആവശ്യത്തിന് എം.സാന്റ് ലഭ്യമാകുന്നതിനാല്‍ മണല്‍ഖനനത്തിന് അനുമതികൊടുക്കരുതെന്നാണ് റവന്യൂ അധികൃതര്‍ കോടതിയില്‍ സത്യവാങ്മൂലംസമര്‍പ്പിച്ചത്. ഇതിനിടെ മാവൂര്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, രാമനാട്ടുകര, ഫറോക്ക് പഞ്ചായത്തുകളിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, കലക്ടറേറ്റ് ധര്‍ണ നടത്തിയിരുന്നു. അപാകതനിറഞ്ഞ ഓഡിറ്റ് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. മണല്‍ വാരല്‍ നിരോധിച്ചതിനാല്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങിയതോടൊപ്പം പഞ്ചായത്തുകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഭീമമായ വരുമാനവും നിലച്ചു. നിര്‍മാണ മേഖലയിലും ഗുരുതരമായ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം വീഴ്ച പരിഹരിക്കുന്നതിന് അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യമുന്നയിച്ചായാരുന്നു ധര്‍ണ നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."