വൈദ്യുതി മാനേജ്‌മെന്റില്‍ മികവുകാട്ടിയ ചീഫ് എഞ്ചിനീയര്‍ പടിയിറങ്ങുന്നു
സ്വന്തം ലേഖകന്‍
തൊടുപുഴ: വൈദ്യുതി മേഖലയെ സുരക്ഷിതമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കെ.എസ്.ഇ.ബി സിസ്റ്റം ഓപ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ എന്‍.എന്‍ ഷാജി പടിയിറങ്ങുന്നു. 28 വര്‍ഷത്തെ സേവനത്തിന് ശേഷം സ്‌റ്റേറ്റ് ലോഡ് ഡെസ്പ്പാച്ച് സെന്ററില്‍ നിന്നും ഈ മാസം 30 ന് ഇദ്ദേഹം വിരമിക്കും. വൈദ്യുതി ബോര്‍ഡില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക്കല്‍ ചീഫ് എഞ്ചിനീയറാണ് ഇദ്ദേഹം. 1990 മാര്‍ച്ചില്‍ അസി. എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച എന്‍.എന്‍ ഷാജി, 8 വര്‍ഷം ട്രാന്‍സ്മിഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ഇതില്‍ 5 വര്‍ഷവും തൊടുപുഴ സബ് സ്റ്റേഷനില്‍ എ. ഇ ആയിരുന്നു. 1997 ല്‍ ജനറേഷന്‍ വിഭാഗത്തിന് കീഴില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പവര്‍ ഹൗസായ മൂലമറ്റത്ത് അസി. എഞ്ചിനീയറായി നിയമിതനായി. 1998 ല്‍ അസി. എക്‌സി. എഞ്ചിനീയറായി. നാല് വര്‍ഷം പവര്‍ ഹൗസിലെ വാല്‍വ് മെയ്ന്റനന്‍സ് വിഭാഗത്തിന് നേതൃത്വം നല്‍കി. മൂന്ന് വര്‍ഷം മൂലമറ്റത്തെ പവര്‍ എഞ്ചിനീയേഴ്‌സ് ട്രെയ്‌നിങ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (പെറ്റാര്‍ക്ക്) ഫാക്കല്‍റ്റി ആയിരുന്നു.
2000 ജൂണില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി മൂലമറ്റം ജനറേഷന്‍ സി.ഇ ഓഫീസിലെത്തി. 2010 ജൂണില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറായി മീന്‍കട്ട് ജനറേഷന്‍ സര്‍ക്കിളിലും മൂലമറ്റം ജനറേഷന്‍ സി.ഇ. ഓഫീസിലും പ്രവര്‍ത്തിച്ചു. 2015 ജൂണില്‍ ചീഫ് എഞ്ചിനീയറായ ഇദ്ദേഹത്തിന്റെ സേവനം കളമശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിലാണ്. നാഷണല്‍ ലോഡ് ഡെസ്പാച്ച് സെന്റര്‍, പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍, കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള സതേണ്‍ റീജണല്‍ പവര്‍ കമ്മറ്റി എന്നിവയുമായി കെ.എസ്.ഇ.ബി യെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതില്‍ മുഖ്യകണ്ണിയായി.
മൂന്ന് വര്‍ഷമായി സംസ്ഥാനത്ത് പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാതാക്കിയതില്‍ എന്‍.എന്‍. ഷാജി ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. നാഷണല്‍ പവര്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശീലനം ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്ത് കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ പി വിജയകുമാരി പ്രത്യേക അനുമോദന പത്രം കഴിഞ്ഞദിവസം കൈമാറി.
1984 ല്‍ കോതമംഗലം എഞ്ചിനീയറിംഗ് കോളജില്‍ നിന്നും ബി.എസ് സി എഞ്ചിനീയറിംഗ് പാസായ ഇദ്ദേഹം നാല് വര്‍ഷം പൊതുമേഖല സ്ഥാപനമായ അങ്കമാലി ടെല്‍ക്കില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചു. മുളപ്പുറം നെല്ലിക്കല്‍ കുടുംബാംഗമായ ഇദ്ദേഹം ഇപ്പോള്‍ തൊടുപുഴയ്ക്ക് സമീപം മണക്കാടാണ് താമസിക്കുന്നത്. ഭാര്യ: ബീന. മകള്‍ ഗീതാഞ്ജലി അബുദാബിയില്‍ എഞ്ചിനീയറും മകന്‍ ഗോവിന്ദ്‌രാജ് കാനഡയില്‍ വിദ്യാര്‍ഥിയുമാണ്. മരുമകന്‍ ജയറാമും അബുദബിയില്‍ എഞ്ചിനീയറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."