രണ്ടു വയസുകാരിയുടെ പ്ലാസ്റ്റര്‍ നീക്കുന്നതില്‍ വീഴ്ച: ആശുപത്രി ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍
വൈക്കം: ഡ്യൂട്ടി സമയം തീര്‍ന്നെന്നു പറഞ്ഞ് രണ്ടുവയസ്സുകാരിയുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ പകുതി നീക്കം ചെയ്തശേഷം മടങ്ങിയ താലൂക്ക് ആശുപത്രി ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തു.
താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് എം.എസ് ലളിതയെയാണ് അധികാരികള്‍ സസ്‌പെന്റ് ചെയ്തത്. താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ദിനംപ്രതി വഷളാവുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നാഥനില്ലാത്ത അവസ്ഥയില്‍ മുന്നോട്ടുനീങ്ങുന്ന നഗരസഭയാണ് ഈ വിഷയത്തില്‍ മുള്‍മനുയിലായിരിക്കുന്നത്. ഇന്നലെ ജീവനക്കാരിയുടെ കൊടുംക്രൂരതക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തുവന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ എല്ലാം നേരെയായെന്നു പറഞ്ഞ് ആഘോഷമാമാങ്കം നടത്തിയ എ.ഐ.വൈ.എഫ് പോലും ഇന്നലെ ആശുപത്രിക്കെതിരെ രംഗത്തുവന്നു.
ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് കൊച്ചുകുഞ്ഞിന്റെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ പകുതി നീക്കം ചെയ്തശേഷം മടങ്ങിയ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസ് എടുക്കണമെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ശാരീരിക വൈകല്യമുള്ള ദമ്പതികളുടെ കുഞ്ഞിനോട് ആശുപത്രി ജീവനക്കാരി ചെയ്ത പ്രവൃത്തി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കുത്തഴിഞ്ഞ ആശുപത്രി ഭരണസംവിധാനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. വകുപ്പ്തല അച്ചടക്ക നടപടി എടുത്ത് വിഷയം ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമത്തില്‍ നിന്നും അധികാരികള്‍ പിന്‍മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷനായി.
ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് പിഞ്ചുകുഞ്ഞിന്റെ പ്ലാസ്റ്റര്‍ പൂര്‍ണമായും വെട്ടാതെ പോയ താലൂക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റിനെ പിരിച്ചു വിടുന്നത് ഉള്‍പ്പെടെ ഉള്ള മാതൃകാപരമായ ശിക്ഷാനടപടികല്‍ അധികാരികള്‍ കൈക്കൊള്ളണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തികച്ചും സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റം പലപ്പോഴും അതിരുവിടുകയാണ് കഴിഞ്ഞദിവസം ഒരു രോഗിയുടെ കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടു വെട്ടിയപ്പോള്‍ കൈ അഴുകിയ അവസ്ഥയില്‍ ആയിരുന്നു. രോഗിയുടെ ബന്ധുക്കളും ഡോക്ടറുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഇവിടെ ചികിത്സ നടത്താന്‍ കഴിയില്ല എന്നുപറഞ്ഞു മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയും ചെയ്തിരുന്നു. വേണ്ടത്ര പരിചരണമോ, ശ്രദ്ധയോ ജീവനക്കാരുടെ ഭാഗത്തു നിന്നും രോഗികള്‍ക്കു ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം നടപടികള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി എ.ഐ.വൈ.എഫ് മുന്നിട്ടിറങ്ങുമെന്ന് മണ്ഡലം പ്രസിഡണ്ട് എം.പി സാനു സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."