ഒരിടത്തും പണമില്ല പരിഹാരമാകാതെ നോട്ട് പ്രതിസന്ധി
കോഴിക്കോട്: എ.ടി.എമ്മുകളില്‍നിന്നു പണം പിന്‍വലിക്കാന്‍ കഴിയാതെ കാശിനായി നെട്ടോട്ടം. രൂക്ഷമായ കറന്‍സിക്ഷാമം മൂലം നഗരത്തില്‍ എ.ടി.എം കൗണ്ടറുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. നഗരത്തില്‍ കഴിഞ്ഞ ദിവസം ചുരുക്കം ചില എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. പണം പിന്‍വലിക്കാനെത്തിയവരുടെ ആധിക്യംമൂലം കൗണ്ടറുകള്‍ക്ക് മുന്നില്‍ രൂക്ഷമായ തിരക്ക് അനുഭവപ്പെട്ടു. രണ്ടാഴ്ചയോളമായി നഗരത്തിലെ എ.ടി.എം കൗണ്ടറുകള്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. സംസ്ഥാനത്ത് നിലനില്‍ക്കുന്ന രൂക്ഷമായ കറന്‍സി പ്രതിസന്ധിയാണ് എ.ടി.എം കൗണ്ടറുകളെയും ബാധിച്ചത്. റിസര്‍വ് ബാങ്കില്‍നിന്നുമുള്ള കറന്‍സി ലഭ്യത കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
കറന്‍സി ക്ഷാമം മൂലം ബാങ്കുകളില്‍ ഇടപാടുകാര്‍ പണം നിക്ഷേപിക്കാന്‍ മടിക്കുന്നതും നിലവിലെ പ്രതിസന്ധിക്ക് കാരണമാവുന്നുണ്ട്. കോഴിക്കോട് മാനാഞ്ചിറയിലെ സ്റ്റേറ്റ് ബാങ്ക് ഓഫിസിന് സമീപത്തെ പ്രധാന എ.ടി.എം കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ കൗണ്ടറിന് മുന്‍പിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. പാളയത്തെ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മും കഴിഞ്ഞ ദിവസം ഭാഗികമായി പ്രവര്‍ത്തിച്ചു.
നിലവിലെ പ്രതിസന്ധി അനിശ്ചിത കാലത്തേക്ക് തുടരാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ നല്കുന്ന സൂചന. പ്രതിസന്ധി തരണം ചെയ്യാന്‍ ബാങ്കുകള്‍ നടത്തുന്ന ശ്രമങ്ങള്‍ ഇടപാടുകാരുടെ നിക്ഷേപം കുറഞ്ഞത് കാരണം തടസപ്പെടുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ബ്രാഞ്ചുകളില്‍ ദിവസേന ലഭിക്കുന്ന പണം തന്നെയാണ് എ.ടി.എമ്മുകളില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ നിലവിലെ പ്രതിസന്ധി കാരണം ബാങ്കുകളില്‍ നിക്ഷേപം കുറഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി മറികടക്കാന്‍ ഇ-ആധാര്‍ പെയ്മെന്റ് സംവിധാനം വ്യാപാരികള്‍ ഉപയോഗപ്പെടുത്തുന്നതുള്‍പ്പെടെ ഡിജിറ്റല്‍ ഇടപാടുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."