രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് ബല്‍റാമും ഷാജിയും
കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് യു.ഡി.എഫ് എം.എല്‍.എമാരായ വി.ടി ബല്‍റാമും കെ.എം ഷാജിയും. ടി. സിദ്ദിഖിലേക്ക് സ്ഥാനാര്‍ഥിത്വം നീണ്ടപ്പോഴാണ് ഇരുവരുടേയും ഫേസ്ബുക്ക് പോസ്റ്റ്. ആദ്യം ബല്‍റാമാണ് നിര്‍ദേശം വച്ചത്. ബല്‍റാമിന് പിന്തുണയുമായി വയനാട്ടുകാരനായ ഷാജിയുമെത്തി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും.
രാഹുല്‍ മുന്നോട്ടുവയ്ക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ് എന്നൊക്കെയാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ബല്‍റാമിനു പിന്തുണ അറിയിച്ചുകൊണ്ട് തൊട്ടുപിന്നാലെ ഷാജിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 'രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെയാണ് മത്സരിക്കേണ്ടത്. രാജ്യത്തെ ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള രാഷ്ട്രീയമായ പോരാട്ടത്തിന്റെ സര്വസൈന്യാധിപന് കേരളമാണ് അനുയോജ്യം. കേരളത്തില്‍ അദ്ദേഹം മത്സരിക്കുന്നതോടെ രാഷ്ട്രീയ ഭീകരതയ്ക്കെതിരേയുള്ള പോരാട്ടം കൂടിയായിരിക്കും അത്.
ദക്ഷിണേന്ത്യയിലെ മതേതര മുന്നേറ്റത്തിന് കരുത്തും പ്രചോദനവുമായി അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം മാറും. കേരളത്തെ സംബന്ധിച്ച് ഓരോ മലയാളിക്കും അഭിമാനവും സന്തോഷവും പകരുന്ന ഒന്നായിരിക്കുമത്. രാഹുല്‍ജിക്ക് കേരളത്തിലേക്ക് ഊഷ്മളമായ സ്വാഗതം. വി.ടി ബല്‍റാമിന് പിന്തുണ'- ഇങ്ങനെയാണ് ഷാജിയുടെ പോസ്റ്റ്.
നേരത്തെ വി.ടി ബല്‍റാം എഴുത്തുകാരി മീരയ്ക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കൂടിയായ സിദ്ദിഖ് ബല്‍റാമിനെ വിമര്‍ശിച്ച് പോസ്റ്റിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."