മാസ്റ്റര്‍ ബ്രയിന്‍ ഡോ. ചാക്കോ ജോസഫ് പടിയിറങ്ങുന്നു; കായിക സംഘാടന മികവിന്റെ 13 വര്‍ഷങ്ങള്‍
കോട്ടയം: 2016 ജൂലൈ 15. തുര്‍ക്കി ട്രാബ്‌സോണില്‍ ലോക സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് നടക്കുന്നു. 138 താരങ്ങളും 38 ഒഫീഷ്യല്‍സും ഇന്ത്യന്‍ ടീമിലുണ്ട്. അന്നൊരു വെള്ളിയാഴ്ച ദിനമായിരുന്നു. തുര്‍ക്കി സമയം രാത്രി ഒന്‍പത് മണിയോടെയാണ് ഇന്ത്യന്‍ ക്യാംപില്‍ ആ വാര്‍ത്ത എത്തിത്തുന്നത്. തുര്‍ക്കി പട്ടാളം റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചിരിക്കുന്നു. കുറച്ചു നേരത്തേക്ക് ഇന്ത്യന്‍ ക്യാംപ് ഭയാശങ്കകളുടെ നിഴലിലായി. വിമാനത്താവളങ്ങള്‍ അടച്ചിരിക്കുന്നു. നാട്ടിലേക്ക് സുരക്ഷിതരായി എങ്ങനെ മടങ്ങും. ആശങ്കയുടെ മണിക്കൂറുകള്‍.
ജനങ്ങളുടെ പിന്തുണയില്‍ പട്ടാള അട്ടിമറിയെ തുര്‍ക്കി ഭരണകൂടം മറികടന്നതോടെ ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക മറികടന്നു ആശ്വാസത്തിന്റെ കാറ്റുവീശി. ആശങ്കയുടെ നിമിഷങ്ങളില്‍ ഇന്ത്യന്‍ സംഘത്തിന് കരുത്തു പകര്‍ന്നത് ഒരു മലയാളിയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ചെഫ് ഡി. മിഷന്‍ ആയ ഡോ. ചാക്കോ ജോസഫ്. ആശങ്കകളില്ലാതെ ലോക മീറ്റിന്റെ ട്രാക്കില്‍ താരങ്ങളെ ഇറക്കിയ ഡോ. ചാക്കോ ജോസഫ് ഇന്ത്യന്‍ ടീമിനെ സുരക്ഷിതമായി തന്നെ നാട്ടില്‍ തിരികെയെത്തിച്ചു.
കാല്‍നൂറ്റാണ്ട് പിന്നിട്ട പരിശീലക, കായിക സംഘാടന ചുമതലകളുടെ ഉത്തരവാദിത്വം കൃത്യതയോടെ നിര്‍വഹിച്ച കായിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് ഔദ്യോഗിക സര്‍വീസില്‍ നിന്ന് പടിയിറങ്ങുകയാണ്. സ്‌കൂള്‍ കായികോത്സവത്തിന്റെ സംഘാടനത്തില്‍ കാതലായ മാറ്റം വരുത്തിയാണ് എല്ലാവരുടെയും ചാക്കോ സര്‍ സര്‍വീസ് ട്രാക്കില്‍ നിന്നും നാളെ ഔദ്യോഗികമായി വിടപറയുന്നത്. മികച്ച വോളിബോള്‍ താരമായിരുന്ന ചാക്കോ ജോസഫ് മുരിക്കുവയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 1994ല്‍ കായികാധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്.
2007 ല്‍ ആയിരുന്നു സ്റ്റേറ്റ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായുള്ള ചുമതല ഏറ്റെടുക്കുന്നത്. ഇതോടെയാണ് സ്‌കൂള്‍ കായിക രംഗത്ത് മാറ്റങ്ങളുടെ കാറ്റ് വീശി തുടങ്ങിയത്. പലതായി നടന്ന മത്സരയിനങ്ങളെ ഒന്നിച്ചു നടത്താനുള്ള ശ്രമം തുടങ്ങി. നിരന്തരമായുള്ള പരിശ്രമം ലക്ഷ്യം കണ്ടു. ജനറല്‍ സ്‌കൂള്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവയെ ഒരു ട്രാക്കിലാക്കി 2010 ല്‍ മീറ്റ് സംഘടിപ്പിച്ചു. ഒന്നിച്ചു നടത്തിയിരുന്ന അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങളെ 2008 മുതല്‍ വിഭജിച്ചു.
സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ സിന്തറ്റിക്ക് ട്രാക്കില്‍ മാത്രം നടത്തണമെന്ന തീരുമാനത്തിന് പിന്നിലും ചാക്കോ ജോസഫിന്റെ പരിശ്രമായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നിരന്തരം സമീപിച്ച് മാനുവല്‍ പരിഷ്‌ക്കരണത്തിന് ഡോ. ചാക്കോ ജോസഫ് അനുകൂല തീരുമാനം എടുപ്പിച്ചു. കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന മുഴുവന്‍ താരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പാക്കി ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന ഖ്യതി കേരളത്തിന് സമ്മാനിച്ചു. രണ്ടു തവണ ദേശീയ സ്‌കൂള്‍ കായികമേള വിജയകരമായി നടത്തുന്നതിന് നേതൃത്വം നല്‍കി. മികച്ച രീതിയില്‍ 2009,2015 വര്‍ഷങ്ങളില്‍ ദേശീയ സ്‌കൂള്‍ കായികമേളയുടെ സംഘാടനത്തിന് സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മികച്ച ഓര്‍ഗനൈസര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
എസ്‌ത്തോണിയ, തായ്‌ലാന്‍ഡ്, തുര്‍ക്കി എന്നീ വിദേശ രാജ്യങ്ങള്‍ ആതിഥ്യമേകിയ വിവിധ ലോക ചാംപ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീമിന്റെ ചെഫ് ഡി. മിഷന്‍ ഡോ. ചാക്കോ ജോസഫ് ആയിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ കായിക വിദ്യാഭ്യാസത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറും ജോയിന്റ് ഡയറക്ടറുമായി. ആത്മ സംതൃപ്തിയോടെയാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നതെന്ന് ഡോ. ചാക്കോ ജോസഫ് 'സുപ്രഭാത'ത്തോട് പറഞ്ഞു. തിരുവനന്തപുരം മലയന്‍കീഴ് എം.എം.എസ് ഗവണ്‍മെന്റ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിനി ഏബ്രഹാമാണ് ഭാര്യ. മകന്‍ ജോസഫ് ചാക്കോ കാനഡയിലും മകള്‍ ട്രീസാ ജോസഫ് ഓസ്‌ട്രേലിയയിലും വിദ്യാര്‍ഥികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."