കാസര്‍കോട്ട് കിണറ്റിലിറങ്ങിയ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു, രണ്ടപകടങ്ങളിലായി മരിച്ചത് സഹോദരങ്ങളും, അതിഥി തൊഴിലാളിയും
കാസര്‍കോട്: കിണറ്റിലിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കുമ്പളയില്‍ രണ്ടുപേരും ചെറുവത്തൂരില്‍ ഒരാളുമാണ് മരിച്ചത്.
കുമ്പളയില്‍ വീടിനു സമീപത്തെ കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ ധര്‍മ്മടുക്ക സുബ്ബയക്കട്ട കണക്കപ്പാടി മജിലാറിലെ നാരായണന്‍ (48), ഇയാളുടെ സഹോദരന്‍ ശങ്കരന്‍ (37) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.
പറമ്പിലെ പത്തു മീറ്റര്‍ ആഴവും ഒരു മീറ്ററോളം വെള്ളവും ആള്‍മറയില്ലാത്ത കിണറ്റില്‍ അകപെട്ട പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ശ്വാസം മുട്ടിമരിച്ചത്. ആദ്യം നാരായണനായിരുന്നു കിണറ്റില്‍ ഇറങ്ങിയത്. നാരായണന്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്നത് കണ്ട് സഹോദരന്‍ ശങ്കരനും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. പിന്നീട് രണ്ടുപേരും അവശനിലയിലാവുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉപ്പളയില്‍ നിന്നെത്തിയ അഗ്നിശമന സേന ഇരുവരേയും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരേതനായ ഐത്തഭാഗി ദമ്പതികളുടെ മക്കളാണ്. കൂലിപ്പണിക്കാരാണ് ഇരുവരും. കലാവതിയാണ് നാരായണന്റെ ഭാര്യ. ശങ്കരന്റെ ഭാര്യ: ഭാരതി. രണ്ടുപേര്‍ക്കും മക്കളില്ല.
ചെറുവത്തൂരില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ അതിഥി തൊഴിലാളിയായ അസം നഗോവിലെ ഇസ്മായിലിന്റെ മകന്‍ അഹ്സര്‍ അലി (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 ഓടെയാണ് സംഭവം.
കാലിക്കടവിലെ ഹോട്ടല്‍ തൊഴിലാളിയായ ഇദ്ദേഹം ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി കിണര്‍ ശുചീകരിക്കാന്‍ ഇറങ്ങിയതായിരുന്നു. ശ്വാസതടസ്സം കാരണം കിണറില്‍ കുഴഞ്ഞു വീണ അഹ്സര്‍ അലിയെ രക്ഷിക്കാനായി ഇറങ്ങിയ ഇയാളുടെ സഹോദരന്‍ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മുകളിലോട്ട് കയറുകയായിരുന്നു. തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്സ് സംഘമാണ് ഇയാളെ പുറത്തെത്തിച്ചത്.
ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വര്‍ഷമായി കാലിക്കടവിലെ ഹോട്ടലില്‍ ജോലി ചെയ്തു വന്ന അസ്ഹര്‍ അലി വിവാഹത്തിന് ശേഷം മൂന്ന് മാസം മുമ്പാണ് കാലിക്കടവിലെത്തിയത്. ലോക് ഡൗണിനെ തുടര്‍ന്ന് ഹോട്ടലിന്റെ പിന്‍ഭാഗത്തെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. പാര്‍സല്‍ ഭക്ഷണം കൊടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി വരവെയാണ് കിണര്‍ വൃത്തിയാക്കാനിറങ്ങിയത്.
ഭാര്യ: ആരിഫാ ഹാത്തൂണ്‍.മാതാവ്: മാണിക്സാനു.സഹോദരങ്ങള്‍: മൈസുദ്ദീന്‍, ആസറലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."