മക്കയിൽ കർഫ്യു ഇളവ്, പള്ളികളിൽ നിസ്കാര അനുമതി
റിയാദ്: മക്കയിൽ 24 മണിക്കൂർ കർഫ്യു ഇളവ് പ്രഖ്യാപിച്ചു. സഊദി ആഭ്യന്തര മന്ത്രാലയമാണ് കർഫ്യു ഇളവും മക്ക നഗരപരിധി വിട്ടുകടക്കാനുമുള്ള അനുമതിയും നൽകിയത്. കർഫ്യു സമയത്തിൽ ഇളവും പള്ളികളിൽ നിസ്കാര അനുമതിയും നൽകുന്ന ഇളവുകൾ രണ്ടു ഘട്ടമായാണ് പ്രാബല്യത്തിൽ വരുത്തുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഞായറാഴ്ച്ച (31) രാവിലെ ആറു മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയാണ് കർഫ്യു ഇളവ് പ്രഖ്യാപിച്ചത്. നഗരത്തിലേക്ക് പോകാനും വരാനും അനുമതി നല്‍കും. അതേസമയം, മസ്ജിദുൽ ഹറാമില്‍ നിസ്കാരവും ജമാഅത്തും നിലവിലെ രീതി തുടരുമെന്നും അധികൃതർ അറിയിച്ചു.
الإجراءات التي سيتم تطبيقها في مدينة مكة المكرمة : pic.twitter.com/RVHqdCsTgN
— وزارة الداخلية (@MOISaudiArabia) May 27, 2020
രണ്ടു ഘട്ടമായി നടപ്പിലാക്കുന്ന ഇളവുകളിൽ ആദ്യ ഘട്ടം ഞായറാഴ്ച്ച (ശവ്വാൽ 08) മുതലാണ് ആരംഭിക്കുക. ഞായർ മുതൽ മക്ക പരിധി വിട്ടു ആളുകൾക്ക് പുറത്ത് കടക്കാനും അകത്തേക്കും പ്രവേശനം സാധ്യമാകും. രണ്ടാം ഘട്ടത്തിൽ ജൂൺ 21 മുതൽ (ശവ്വാൽ 29) കർഫ്യു ഇളവ് രാവിലെ ആറു മുതൽ രാത്രി എട്ടു മണിവരെയാക്കി ഉയർത്തും. കൂടാതെ, മറ്റു ജുമുഅ അടക്കം നിര്‍ബന്ധ നിസ്കാരങ്ങളും ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിച്ച് അനുവദിക്കും. നിലവിൽ പള്ളികളിൽ നിസ്കാരത്തിനായി എത്തുന്നതിനുള്ള നിർദേശങ്ങൾ ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്.
അതേസമയം, അമ്പതിലധികം ആളുകൾ കൂടുന്ന പരിപാടികൾക്കും ബാര്‍ബര്‍ ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവക്കും വിലക്കുണ്ടാകും. റെസ്റ്റോറന്റുകളും ബൂഫിയകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്നും സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."