പാഠപുസ്തകത്തില്‍നിന്ന് മാറുമറക്കല്‍ സമരം എന്‍.സി.ഇ.ആര്‍.ടി വെട്ടിമാറ്റി
ന്യൂഡല്‍ഹി: കേരളത്തിലെ ചരിത്രപ്രസിദ്ധമായ മാറുമറക്കല്‍ സമരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍നിന്ന് നീക്കംചെയ്തു. ഒന്‍പതാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ ഇന്ത്യ ആന്‍ഡ് കണ്ടംപററി വേള്‍ഡ് 1 എന്ന പേരിലുള്ള പുസ്തകത്തില്‍നിന്ന് മൂന്ന് പാഠഭാഗങ്ങള്‍ നീക്കംചെയ്തപ്പോള്‍ അതിലൊന്നായിട്ടാണ് മാറുമറക്കല്‍ സമരവും നീക്കം ചെയ്തത്.
വസ്ത്രധാരണം: ഒരു സാമൂഹിക ചരിത്രം എന്ന അധ്യായത്തിലാണ് മാറുമറക്കല്‍ സമരത്തെക്കുറിച്ച് പഠിപ്പിച്ചിരുന്നത്. എങ്ങനെയാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ നമ്മുടെ ഇന്നത്തെ വസ്ത്രധാരണ ശൈലിയെ സ്വാധീനിച്ചത് എന്ന വിഷയമാണ് ഇതില്‍ ചര്‍ച്ച ചെയ്തിരുന്നത്. ' ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും നവോത്ഥാന സമരങ്ങള്‍ എങ്ങനെയാണ് വസ്ത്രധാരണ രീതികളെ രൂപപ്പെടുത്തിയത് എന്നതിനൊപ്പം ജാതി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വസ്ത്രധാരണകളെക്കുറിച്ചും ഈ അധ്യായത്തിലുണ്ടായിരുന്നു.
രാജ്യത്തെ കര്‍ഷകരെക്കുറിച്ച് പഠിപ്പിക്കുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും, കായികവും ചരിത്രവും: ക്രിക്കറ്റിന്റെ കഥ എന്നീ അധ്യായങ്ങളാണ് നീക്കം ചെയ്ത മറ്റു രണ്ടെണ്ണം. പുസ്തകത്തിലെ 70ല്‍പരം പേജുകളാണ് നീക്കം ചെയ്തിട്ടുള്ളത്. കര്‍ഷകരെ സംബന്ധിച്ച പാഠഭാഗത്തില്‍ മുതലാളിത്ത വ്യവസ്ഥയുടെ വളര്‍ച്ചയും അത് രാജ്യത്തെ കര്‍ഷകരെ ബാധിച്ച വിധവുമാണ് വിവരിച്ചിരുന്നത്. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് എന്‍.സി.ഇ.ആര്‍.ടി പറയുന്നത്. ഇങ്ങനെ ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിത എട്ടാംക്ലാസിലെ ഹിന്ദി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടാംതവണയാണ് പാഠപുസ്തകങ്ങളില്‍ ഭേദഗതി വരുത്തുന്നത്. 2017ല്‍ 182 പാഠപുസ്തകങ്ങളിലായി 1334 ഭേദഗതികള്‍ എന്‍.സി.ഇ.ആര്‍.ടി വരുത്തി. 2016ല്‍ ഈ പാഠത്തിലെ ചിലഭാഗങ്ങള്‍ നീക്കം ചെയ്യുകയാണെന്ന് കാണിച്ച് എന്‍.സി.ഇ.ആര്‍.ടി ബന്ധപ്പെട്ട സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ അധ്യായം പൂര്‍ണമായും നീക്കം ചെയ്യുന്ന കാര്യം അറിയിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."