കൊവിഡ് വ്യാപനം വരുത്തിയ തൊഴില്‍ പ്രത്യാഘാതങ്ങള്‍
കൊവിഡ്-19ന്റെ വ്യാപനം വികസ്വര വികസിത സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കലും അനിവാര്യ സേവനങ്ങളിലും ഉല്‍പാദന വിതരണത്തിലും നേരിട്ട് ഇടപെട്ടു. ഇതോടെ തൊഴില്‍, വരുമാന നഷ്ടം സംഭവിക്കുകയും ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ പ്രതിസന്ധി, പല കുടുംബങ്ങളെയും ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. നിലവിലുള്ള അസമത്വങ്ങള്‍ സമൂഹത്തില്‍ വര്‍ധിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ചരക്കുകളുടെ കയറ്റുമതി ദുര്‍ബലപ്പെട്ടതും രാജ്യങ്ങളുടെ വ്യാപാര വിതരണ ശൃംഖലനില കുറയുകയും ചെയ്തതോടെ എല്ലാ മേഖലകളിലെ തൊഴിലും ധനവരുമാന മാര്‍ഗങ്ങളും ഭാഗികമായി നിലച്ചു. വൈറസിന്റെ അനന്തരഫലങ്ങളും അതു കൈകാര്യം ചെയ്യാന്‍ സ്വീകരിച്ച നടപടികളും കാരണം തൊഴില്‍ ലോകം 'തികച്ചും അസാധാരണമായ ഒരു വീഴ്ച' അനുഭവിച്ചുകൊണ്ടിരിക്കുകയാണിന്ന്.
ആഗോള തലത്തില്‍ തൊഴിലാളികളുടെ പകുതിയോളം, അതായത് 1.6 ബില്യണ്‍ അനൗപചാരിക തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ നശിപ്പിക്കപ്പെടുമെന്നും ഉപജീവനത്തിനു വലിയ നാശനഷ്ടവും വെല്ലുവിളികളും നേരിടേണ്ടിവരുമെന്നും യു.എന്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. ലോകത്തിലെ അഞ്ചില്‍ നാല് അഥവാ 2.7 ബില്യണ്‍ തൊഴിലാളികളെ പൂര്‍ണമായോ ഭാഗികമായോ ബാധിച്ചേക്കുമെന്നാണു സംഘടനയുടെ ഏറ്റവും പുതിയ ഭയാനകമായ വിലയിരുത്തല്‍. പ്രതിസന്ധിയുടെ ആദ്യ മാസം ആഗോളതലത്തില്‍ അനൗപചാരിക തൊഴിലാളികളുടെ വരുമാനത്തില്‍ 60 ശതമാനം ഇടിവുണ്ടായതായാണു കണക്കാക്കപ്പെടുന്നത്. ഇത് ആഫ്രിക്കയിലും അമേരിക്കയിലും 81 ശതമാനവും ഏഷ്യയിലും പസഫിക്കിലും 21.6 ശതമാനവും യൂറോപ്പിലും മധ്യേഷ്യയിലും 70 ശതമാനവും കുറഞ്ഞു. കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കുള്ളില്‍ 37 ദശലക്ഷത്തിലധികം തൊഴിലില്ലാത്ത അമേരിക്കക്കാരാണ് തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് ആനുകൂല്യം അവകാശപ്പെട്ട് രംഗത്തുവന്നത്. ഇതു യു.എസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ നഷ്ടമായാണു കണക്കാക്കപ്പെടുന്നത്.
സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും കൊവിഡിന്റെ വ്യാപനം തടയുന്നതിനുമായി 2020 മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍വന്ന ഉത്തരവിലൂടെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് നാലാം ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. തുടക്കംമുതല്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മയുടെ ആശങ്കയെക്കുറിച്ച് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഓഫ് ഇന്ത്യന്‍ എക്കണോമി (സി.എം.ഐ.ഇ) നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് മാര്‍ച്ചില്‍ 8.74 ശതമാനമാണെങ്കില്‍ മെയ് 25നു 24.5 ശതമാനമായി കുത്തനെ ഉയര്‍ന്നു. ക്രമരഹിതമായി തിരഞ്ഞെടുത്ത വീടുകളില്‍ നേരിട്ട് അഭിമുഖം നടത്തി, 15 വയസിനു മുകളിലുള്ള എല്ലാ അംഗങ്ങളുടെയും തൊഴിലില്ലായ്മാനില കണ്ടെത്തുന്നതിനായാണ് അടിസ്ഥാനമായി സി.എം.ഐ.ഇ ഉപയോഗിക്കുന്നത്. ഏകദേശം 32,166 വീടുകളില്‍ നിന്നുള്ള 1,05,025 വ്യക്തികളുടെ സാംപിളില്‍ നിന്നാണ് 30 ദിവസത്തെ ചലിക്കുന്ന തൊഴില്‍ ശരാശരി കണക്കാക്കുന്നത്. സി.എം.ഐ.ഇയുടെ കണക്കനുസരിച്ച്, മെയ് 19നു ഗ്രാമീണ ഇന്ത്യയുടെ 23.7 ശതമാനത്തെ അപേക്ഷിച്ച് നഗര ഇന്ത്യയില്‍ 26.3 ശതമാനം ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് രേഖപ്പെടുത്തിയത്.
ഏപ്രില്‍ അവസാനത്തെ കണക്കനുസരിച്ച് ദക്ഷിണേന്ത്യയിലെ പുതുച്ചേരിയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ (75.8 ശതമാനം) രേഖപ്പെടുത്തിയിട്ടുള്ളത്. തൊട്ടടുത്തുള്ള തമിഴ്‌നാട്ടില്‍ 49.8 ശതമാനവും ജാര്‍ഖണ്ഡില്‍ 47.1 ശതമാനവും ബിഹാറില്‍ 46.6 ശതമാനവുമാണ് റിപ്പോര്‍ട്ട് ചെയ്ത നിരക്ക്. പഞ്ചാബ്, ചത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ ഇതു യഥാക്രമം 2.9, 3.4, 6.2 എന്നിങ്ങനെയാണ്. ദില്ലി, മുംബൈ തുടങ്ങിയ നഗരകേന്ദ്രങ്ങളില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ പലായനം ചെയ്യുമ്പോള്‍ ഇവരുടെ തൊഴില്‍ സംബന്ധിച്ച ദീര്‍ഘകാല ആശങ്കകളും നിലനില്‍ക്കുന്നു. എന്നാല്‍ കേരളത്തില്‍ ജനുവരിയില്‍ 5.3 ശതമാനം തൊഴിലില്ലായ്മ മാത്രമായിരുന്നു രേഖപ്പെടുത്തിയത്. എങ്കില്‍ മാര്‍ച്ച് മാസത്തില്‍ ഇത് ഒന്‍പതു ശതമാനവും ഏപ്രിലില്‍ 17 ശതമാനമായും തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയര്‍ന്നു. 40 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഈ നിരക്ക് ദേശീയ ശരാശരിയായ 24.5 ശതമാനത്തേക്കാള്‍ കുറവാണ്.
അതിനിടെ, മഹാമാരിയെ തടയുന്നതിലൂടെ തൊഴില്‍സംരക്ഷണം നല്‍കേണ്ട സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റവും വലിയ തൊഴിലവകാശ ലംഘനം നടത്താനുള്ള ഒരു ഉപാധിയാക്കി മാറ്റുകയാണ്. പ്രത്യേകിച്ചും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. കൊവിഡിന്റെ പേരില്‍ യു.പി, മധ്യപ്രദേശ് സര്‍ക്കാരുകള്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഓര്‍ഡിനന്‍സ് ഇറക്കി റദ്ദാക്കി. യു.പിയില്‍ മൂന്നു വര്‍ഷത്തേയ്ക്കും മധ്യപ്രദേശില്‍ ആയിരം ദിവസത്തേക്കുമാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ മരവിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, അസം, ഗോവ എന്നീ സംസ്ഥാനങ്ങളും തൊഴില്‍ നിയമങ്ങളില്‍ ഇളവുകള്‍ അറിയിച്ചിട്ടുണ്ട്. റദ്ദാക്കിയ തൊഴില്‍ നിയമ ഓര്‍ഡിനന്‍സില്‍ പ്രധാനമായത് തൊഴില്‍സമയം ആണ്. ദിവസവും എട്ടുമണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറും മാത്രമേ പണി ചെയ്യിക്കാവൂ എന്ന നിബന്ധന തൊഴിലുടമകള്‍ ഇനി പാലിക്കേണ്ടി വരില്ല. ആഴ്ചയില്‍ 72 മണിക്കൂര്‍, ഒരു ദിവസം 12 മണിക്കൂര്‍ വരെ എന്നതാണു പുതിയ നിയമം.
തൊഴില്‍സമയം ഇനി തൊഴിലുടമ തീരുമാനിക്കും. ഈ അവകാശം തൊഴിലുടമയ്ക്കു വകവച്ചുകൊടുത്ത സര്‍ക്കാര്‍, കൃത്യമായി ശമ്പളം കൊടുക്കണമെന്ന വ്യവസ്ഥയും മരവിപ്പിച്ചു; അതായത് പണിയെടുത്താല്‍ തൊഴിലാളിയ്ക്കു യഥാസമയം കൂലി കൊടുക്കണമെന്ന വ്യവസ്ഥ. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ചിലപ്പോള്‍ ജോലി മാത്രമേ ഉണ്ടായെന്നു വരൂ. കൂലി ചോദിക്കരുതെന്നര്‍ഥം. ചോദിച്ചാല്‍ നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനല്ല. ഇതിന്റെ പേരില്‍ പരാതി കൊടുക്കാനും അവകാശമില്ല. യഥേഷ്ടം തൊഴിലാളികളെ പിരിച്ചുവിടാം. ആനുകൂല്യങ്ങള്‍ വേണ്ടെന്നുവയ്ക്കാം. ഓര്‍ഡിനന്‍സ് ക്ലിയര്‍ ചെയ്തുകൊണ്ട് യു.പി സര്‍ക്കാര്‍ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: 'പുതിയ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള വ്യവസായങ്ങളുടെയും ഫാക്ടറികളുടെയും നേട്ടത്തിനും സംസ്ഥാനത്തു നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍നിന്ന് ചിലത് താല്‍ക്കാലികമായി ഒഴിവാക്കേണ്ടത് അത്യാവശ്യമാണ് '. മഹാമാരിയുടെ നിലനില്‍ക്കുന്ന തൊഴില്‍ പ്രത്യാഘാതങ്ങള്‍ക്കിടയില്‍ തൊഴിലവകാശങ്ങള്‍ക്കു നേരെയുള്ള ഈ കടന്നുകയറ്റം ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. ആത്യന്തികഫലം, ദേശീയ വരുമാനത്തില്‍ കൂലിയുടെ വിഹിതം ഗണ്യമായി കുറയ്ക്കുകയും വാങ്ങല്‍ കഴിവിനെ പ്രതികൂലമായി ബാധിക്കുകയും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യും.
കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഇടത്തരം മുതല്‍ ദീര്‍ഘകാലത്തേക്ക് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള നടപടികളാണ്. തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി നീക്കിവച്ച ഒരു ലക്ഷം കോടി, 300 കോടി വ്യക്തി ദിവസങ്ങള്‍ക്ക് തുല്യമായ ജോലി സൃഷ്ടിക്കുന്നതിനും തൊഴില്‍ അഭിസംബോധന ചെയ്യുന്നതിനും സഹായകമാവുകയും അല്‍പം വരെ ഡിമാന്റിനെ നേരിട്ട് സ്വാധീനം ചെലുത്തുകയും ചെയ്യും. എന്നാല്‍, ഹ്രസ്വകാലത്തേക്ക് ഗ്രാമീണ നഗര അനൗപചാരിക മേഖലയിലെ ആവശ്യം പുനരുജ്ജീവിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണ്ടതുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കപ്പുറം സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള അടിയന്തിര തൊഴില്‍ വരുമാനമാര്‍ഗ പിന്തുണകള്‍ പാക്കേജില്‍ കാണുന്നില്ല. ഇടത്തരം പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെങ്കിലും സമ്പദ്‌വ്യവസ്ഥയില്‍ ഉടനടി ഫലപ്രദമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനു കൂടുതല്‍ കര്‍ശനമായ നേരിട്ടുള്ള ധനപരമായ മുന്നേറ്റങ്ങള്‍ ആവശ്യമാണ്.
ഈ പ്രതിസന്ധിയുടെ തൊഴിലനന്തര ഫലങ്ങള്‍ ന്യായമായ നയങ്ങള്‍ ആവശ്യപ്പെടുന്നു. വേഗത്തിലും വിശ്വസനീയവുമായ ഉത്തേജക പാക്കേജുകള്‍ സമ്പദ്‌വ്യവസ്ഥയെയും അധ്വാനത്തെയും ബാധിക്കുന്ന ആഘാതം ലഘൂകരിക്കും. സാമ്പത്തികാശ്വാസം നല്‍കുന്നതിലൂടെ വിപണികള്‍ക്കും സംരംഭങ്ങള്‍ക്കും (പ്രത്യേകിച്ച് മൈക്രോ, ചെറുകിട സംരംഭങ്ങള്‍) തൊഴിലാളികള്‍ക്ക് വരുമാന പിന്തുണയും നല്‍കേണ്ടതുണ്ട്. എല്ലാ മേഖലകളിലെയും തൊഴിലാളികളെയും സംരംഭങ്ങളെയും ബാധിക്കുന്ന ഉപഭോഗത്തിലെ കൂടുതല്‍ സങ്കോചങ്ങള്‍ തടയുന്നതിനു വേണ്ടി നിക്ഷേപങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ലോക്ക് ഡൗണിലെ വ്യത്യസ്ത മേഖലകളിലെ സാമ്പത്തിക പ്രവര്‍ത്തനം, ജോലികള്‍, ജീവനക്കാര്‍ എന്നിവ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആഘാതം വിലയിരുത്തി ശ്രദ്ധാപൂര്‍വം വിശകലനം ചെയ്ത് ആവശ്യമായ നടപടികള്‍ മേഖലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതുണ്ട്.
സമയബന്ധിതവും ഏകോപിതവുമായ ധനയങ്ങള്‍ നടപ്പാക്കുന്നതിലൂടെ ജോലി, വരുമാനം എന്നിവ നഷ്ടപ്പെടുന്നതില്‍നിന്ന് രക്ഷിക്കാനും സുസ്ഥിരമാക്കാനും സാധിക്കും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ജോലികളും വരുമാനവും വീണ്ടെടുക്കുന്നതിനു വേണ്ടി തന്ത്രപരമായ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അനുയോജ്യമായ ബിസിനസ് അന്തരീക്ഷം പുനരുജ്ജീവിപ്പിക്കുകയും ചെയ്യണം. ഉല്‍പാദനക്ഷമതയും വിതരണശൃംഖലയും സമ്പദ്‌വ്യവസ്ഥയും വൈവിധ്യവല്‍ക്കരിക്കുന്നതിനു വേണ്ടിയുള്ള ഘടനാപരമായ പരിവര്‍ത്തനത്തെയും സാങ്കേതിക മുന്നേറ്റങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."