വേണ്ടത് ഈ ഗുജറാത്ത് മോഡലല്ല
മഹാത്മാ ഗാന്ധിയിലൂടെ ഇന്ത്യയ്ക്ക് രാഷ്ട്രപിതാവിനെയും മൊറാര്‍ജി ദേശായിയിലൂടെ നാലാമത്തെ പ്രധാനമന്ത്രിയെയും സംഭാവന ചെയ്ത സംസ്ഥാനമാണ് ഗുജറാത്ത്. ലോകത്തിന്റെ പലഭാഗങ്ങളിലും വരേണ്യ-വര്‍ഗമായി കഴിച്ചുകൂട്ടുന്ന സമ്പന്നരുടെ നാട്. മഹാരാഷ്ട്രയുടെ ഭാഗമായിരുന്ന ഗുജറാത്ത് 1960ലാണ് ഭാഷാ സംസ്ഥാനമായി രൂപാന്തരപ്പെട്ടത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രവിശ്യയില്‍ ഇന്നു ജനസംഖ്യ ആറരക്കോടിയാണ്. 20 വിമാനത്താവളങ്ങളും നാല്‍പതില്‍പ്പരം തുറമുഖങ്ങളും കൊണ്ട് സമ്പന്നമാണ് സംസ്ഥാനം. പറഞ്ഞുവരുന്നത്, ഇത്രമേല്‍ സമ്പന്നമായ, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന സംസ്ഥാനം സാവകാശം വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈകളിലേക്ക് വഴുതിപ്പോയതിനെ കുറിച്ചാണ്.
സ്വാതന്ത്ര്യം ലഭിച്ച ശേഷം പിറന്ന നരേന്ദ്ര മോദി എന്ന ആര്‍.എസ്.എസുകാരന്‍ 2001ല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. തുടര്‍ന്ന് പന്ത്രണ്ടര വര്‍ഷം ഭരണസാരഥ്യം വഹിച്ച മോദി തീര്‍ത്തും വര്‍ഗീയ വംശീയ ഭരണത്തിനായിരുന്നു തിരികൊളുത്തിയത്. അധികാരശ്രേണിയില്‍ കൂട്ടിനിരിക്കാന്‍ മറ്റൊരു ആര്‍.എസ്.എസുകാരന്‍ അമിത് ഷായെക്കൂടി മോദിക്കു ലഭിച്ചതോടെ ദലിത് മുസ്‌ലിം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അവിട ജീവിതം ദുസ്സഹമായിത്തീര്‍ന്നു. 2002ല്‍ ഗോധ്രയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന കലാപം ആരും മറന്നുകാണില്ല. ഭരണകൂട ഉദ്യോഗസ്ഥ വൃന്ദം നോക്കിനില്‍ക്കെ ആയിരത്തോളം മുസ്‌ലിംകള്‍ കൂട്ടക്കൊലകള്‍ക്കിരയായി. വൃദ്ധരും പിഞ്ചുകുഞ്ഞുങ്ങളും മാത്രമല്ല, ഗര്‍ഭിണികളെ പോലും ബലാത്സംഗത്തിനിരയാക്കി നിഷ്‌കരുണം കൊലപ്പെടുത്തി. മോദിയുടെ അടുത്ത ലക്ഷ്യം ഡല്‍ഹിയായിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച അദ്ദേഹത്തിനു ഭാരതീയ ജനതാ പാര്‍ട്ടി പരിവേഷം നല്‍കി. അതോടെ ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയാവുകയും ചെയ്തു. 2019ലെ അടുത്ത തെരഞ്ഞെടുപ്പാകട്ടെ, 38 ശതമാനം വോട്ട് മാത്രം നേടിയപ്പോഴും 303 ലോക്‌സഭാ സീറ്റുകളോടെ വീണ്ടും ഇന്ദ്രപ്രസ്ഥത്തിലിരുന്നു.
ഗുജറാത്ത് ഭരണം വിട്ട് 2014ല്‍ കേന്ദ്രത്തിലേക്കു വന്ന മോദി, മുഖ്യമന്ത്രിപദത്തിലേക്ക് ആനന്ദിബെന്‍ പട്ടേല്‍ എന്ന വനിതയെ കുടിയിരുത്തിയെങ്കിലും പട്ടേല്‍ ദാര്‍ പ്രക്ഷോഭത്തില്‍ സംസ്ഥാനം ആടിയുലഞ്ഞു. അവരെ മാറ്റി വിജയ് രൂപാനി എന്ന ഇഷ്ടക്കാരനെ കൊണ്ടുവരാന്‍ അന്നത്തെ ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ അമിത് ഷാ നല്‍കിയ ഉപദേശം മോദി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ 2002ലെ വംശീയ കലാപത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് ഇനിയും ഗുജറാത്ത് മോചിതമായിട്ടില്ലെന്നു പില്‍ക്കാല ചരിത്രം പറയുന്നു. മൂന്നുമാസം മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗുജറാത്തിലേക്കു വന്നപ്പോള്‍ എല്ലാം ഒളിപ്പിച്ചുവയ്‌ക്കേണ്ടിവന്ന ഗതികേടിലായി, മോദിയും ഗുജറാത്തും.
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ടെക്‌സസില്‍ ചെന്ന് ഹൗദി മോദി എന്ന നാടകം നടത്തി തിരിച്ചുവന്നതായിരുന്നു. നമസ്‌തേ ട്രംപ് എന്ന അദ്ദേഹത്തിന്റെ മറുപടിക്ഷണം കിട്ടിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലേക്ക് തന്നെ കുടുംബസമേതം വന്നിറങ്ങി.
കഴിഞ്ഞ ഫെബ്രുവരിയില്‍ 36 മണിക്കൂര്‍ ഇന്ത്യാ സന്ദര്‍ശനം നടത്താന്‍ എത്തിയ ഡൊണാള്‍ഡ് ട്രംപിനു മുന്നില്‍ കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും നാടകം കളിക്കുകയായിരുന്നു. ഇന്ത്യയില്‍ എല്ലാം ഭദ്രമെന്ന് അറിയിക്കാന്‍ ആയിരങ്ങള്‍ താമസിക്കുന്ന ചേരിപ്രദേശങ്ങള്‍ മറച്ചുകെട്ടുകയാണു ചെയ്തത്. ആ ഗുജറാത്തിന്റെ ദയനീയത ലോകം ഇന്ന് അറിഞ്ഞു തുടങ്ങിയിരിക്കുന്നു.
സാമ്പത്തികമായി ഇന്നും രക്ഷപ്പെടാന്‍ കഴിയാത്ത ഈ സംസ്ഥാനം ഏതാനും ധനികര്‍ക്ക് സ്വര്‍ഗം പണിതീര്‍ത്ത് നല്‍കുമ്പോള്‍ കൊവിഡ്മൂലം ഏറ്റവുമധികം ആളുകള്‍ മരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ അഹമ്മദാബാദില്‍ തന്നെ 350ഓളം പേര്‍ വീതം ദിവസവും രോഗബാധിതരാകുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ മാത്രമാണ് അഹമ്മദാബാദിനു മുന്നില്‍ എന്നര്‍ഥം. ഇതിനു പുറമെ കൊവിഡ് തടയാനുള്ള സാമഗ്രികള്‍ അധികൃതര്‍ തന്നെ അടിച്ചുമാറ്റിയെന്ന ആരോപണവുമുണ്ടായി. കൃത്രിമ ശ്വാസോച്ഛ്വാസത്തിനായുള്ള യന്ത്രങ്ങള്‍ വെന്റിലേറ്ററായി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതാണ് അഹമ്മദാബാദ് ആശുപത്രിയില്‍ മരണസംഖ്യ കൂടാന്‍ കാരണമെന്ന് ഗുജറാത്ത് ഹൈക്കോടതി തന്നെ കുറ്റപ്പെടുത്തിയതാണ്. ഇപ്പോഴും ഭരണകൂടത്തിന്റെ ശ്രദ്ധ, ന്യൂനപക്ഷാവകാശ ധ്വംസനങ്ങളിലും മുസ്‌ലിം ദലിത് വിഭാഗങ്ങളെ അരികുവല്‍ക്കരിക്കുന്നതിലുമാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലില്‍പ്പോലും രോഗികളെ കിടത്തി ചികിത്സിക്കാന്‍ മതിയായ സൗകര്യങ്ങളില്ല. അവിടെ പ്രവേശിപ്പിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കളെ പോലും അറിയിക്കുന്നില്ലെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ കുറ്റപ്പെടുത്തുന്നു. തെരുവില്‍ മണിക്കൂറുകള്‍ ചെലവഴിച്ച ശേഷമാണ് 25 പേര്‍ക്ക് ആശുപത്രിയില്‍ പ്രവേശനം കിട്ടിയതെന്നു ഒരു സ്ത്രീ വിലപിച്ച വിഡിയോ നാം കണ്ടതാണ്. മരിക്കുന്നവരുടെ പണവും ആഭരണങ്ങളും മൊബൈല്‍ ഫോണുമൊക്കെ നഷ്ടപ്പെടുന്ന വാര്‍ത്തകളും ഇതിനോടകം വന്നുകഴിഞ്ഞു.
മഹാമാരിയെക്കുറിച്ച് ലോകാരോഗ്യ സംഘടന ആദ്യത്തെ മുന്നറിയിപ്പു നല്‍കിയത് ജനുവരി 30നാണ്. എന്നാല്‍ ആ സമയത്ത് അമേരിക്കന്‍ പ്രസിഡന്റിനെ ക്ഷണിച്ചുവരുത്തുന്നതിലും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും ജയിക്കാന്‍ കൂറുമാറ്റം നടത്തി, ഒപ്പംകൂടിയ എം.എല്‍.എമാരെ പിടിച്ചുനിര്‍ത്താനുമായി നിയമസഭാ യോഗം ചേരുന്നതിലുമൊക്കെയായിരുന്നു ശ്രദ്ധിച്ചത്. പ്രതിപക്ഷം കാര്യങ്ങള്‍ അവസരോചിതമായി ഓര്‍മപ്പെടുത്തിയിട്ടും ചെവികൊണ്ടില്ല.
പത്തു ശതമാനം മുസ്‌ലിംകളുള്ള സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി 18 എം.എല്‍.എമാരെ എങ്കിലും മുസ്‌ലിം സമുദായത്തിനു ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ജയിച്ചത് മൂന്നു കോണ്‍ഗ്രസുകാര്‍ മാത്രമായിരുന്നു. ഗിയാസുദ്ദീന്‍ ശൈഖ്, ഇംറാന്‍ ഖേദാവാല, മുഹമ്മദ് ജാവിദ് പിര്‍സാദ എന്നിവര്‍. മുപ്പതു വര്‍ഷങ്ങളായിരിക്കുന്നു ഗുജറാത്തില്‍നിന്ന് ഒരു മുസ്‌ലിം എം.പി പാര്‍ലമെന്റിലെത്തിയിട്ട്. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് നേതാവായ അഹമദ് പട്ടേല്‍ രാജ്യസഭയിലേക്ക് അട്ടിമറി വിജയം നേടിയത് മാത്രമാണ് ഇതിനൊരപവാദം.
ടെലഗ്രാഫ് പത്രത്തിന്റെ ഗുജറാത്ത് ലേഖികയായ സാജിദ മോമിന്‍ പറയുന്നത്, ഇന്ത്യയാകെ പൗരത്വ നിയമ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍ ഗുജറാത്തില്‍ ഇപ്പോള്‍ തന്നെ മുസ്‌ലിംകള്‍ രണ്ടാംതരം പൗരന്മാര്‍ ആണെന്നാണ്. അല്‍പം സൗകര്യമുള്ള മുസ്‌ലിംകള്‍ക്കുപോലും മാറിത്താമസിക്കാന്‍ വാടകവീടുകള്‍ ലഭിക്കുന്നില്ല. കച്ചവടം ചെയ്യാന്‍ കടകള്‍ വിട്ടുകൊടുക്കുന്നില്ല. വെള്ളവും വൈദ്യുതിയും മുസ്‌ലിം പ്രദേശങ്ങളില്‍ മാത്രം ഇടയ്ക്കിടെ മുടങ്ങുന്നു. നികുതി കൃത്യമായി പിരിക്കുമ്പോഴും ഈ ഭാഗങ്ങളിലെ മാലിന്യം നീക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമില്ല. പുതിയ അധ്യയന വര്‍ഷത്തോടെ മുസ്‌ലിം വിദ്യാര്‍ഥികളെ വിദ്യാലയങ്ങളില്‍നിന്ന് കൂട്ടിക്കൊണ്ടു പോകണമെന്നാണ് പുതിയ തിട്ടൂരം. ഇതെല്ലാം ലോകം ഉറക്കെ ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ ഗുജറാത്ത് മോഡലല്ല നമുക്ക് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."