കേരളം ആത്മഹത്യാ മുനമ്പില്‍
കേരളത്തില്‍ വര്‍ഷന്തോറും പതിനായിരത്തിലധികം പേര്‍ ആത്മഹത്യചെയ്യുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നു. ദേശീയ ശരാശരിയുടെ രണ്ടരയിരട്ടിയോളം വരും ഇത്. ഇന്ത്യയില്‍ ഏറ്റവുമധികം ആത്മഹത്യനടക്കുന്നതു സാക്ഷരമെന്നു നാം അഭിമാനിക്കുന്ന കേരളത്തിലാണ്. ഒരു ലക്ഷത്തില്‍ 24 പേര്‍ ഇവിടെ ആത്മഹത്യ ചെയ്യുന്നുണ്ട്.
ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല കൊല്ലവും ഏറ്റവും കുറവ് മലപ്പുറവുമാണ്. പതിനഞ്ചിനും നാല്‍പത്തഞ്ചിനുമിടയില്‍ പ്രായമുള്ളവരിലാണ് ആത്മഹത്യാപ്രവണത കൂടുതല്‍. പ്രായമേറിയവരിലും ആത്മഹത്യാനിരക്കു വര്‍ധിക്കുന്നുണ്ട്. അറുപതു കഴിഞ്ഞവരുടെ ആത്മഹത്യ കഴിഞ്ഞവര്‍ഷം എട്ടുശതമാനമായിരുന്നത് ഈ വര്‍ഷം പതിനെട്ടുശതമാനമായി പെരുകിയിരിക്കുന്നു. ഇങ്ങനെ പോവുകയാണെങ്കില്‍ ഭാവിയില്‍ ആത്മഹത്യാനിരക്കു ഭയാനകമായിരിക്കും.
പതിനഞ്ചിനും നാല്‍പത്തഞ്ചിനുമിടയ്ക്കാണു മനുഷ്യനു കര്‍മശേഷി കൂടുതലായുള്ളത്. ഈ സമയത്ത് ആത്മഹത്യചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. കൗമാരപ്രായക്കാരില്‍ ലഹരിയുപയോഗം വര്‍ധിച്ചുവരുന്നുവെന്നതു തര്‍ക്കമറ്റ കാര്യമാണ്. മയക്കുമരുന്നിന് അടിമകളാകുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ലഹരിപദാര്‍ഥങ്ങളുടെ അടിമകളാകുന്നവരുടെ ചിന്താശക്തിയും വിവേചനശേഷിയും നശിക്കുമ്പോള്‍ അവര്‍ ആത്മഹത്യയെ അഭയം പ്രാപിക്കുന്നു.
കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളും ആത്മഹത്യാവര്‍ധനവിനു കാരണമാകുന്നുണ്ട്. മദ്യപിച്ചെത്തുന്ന കുടുംബനാഥന്റെ ആക്രമണത്തില്‍ സഹികെട്ടു ഭാര്യയും കുട്ടികളും ആത്മഹത്യചെയ്യുന്നത് എത്രയോ അധികമാണ്. കുടുംബബന്ധങ്ങളിലെ ശൈഥില്യവും കൂട്ട ആത്മഹത്യക്കു കാരണമാകുന്നു.
അണുകുടുംബങ്ങളുടെ വ്യാപനം ആത്മഹത്യയില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. അണുകുടുംബത്തിലെ അംഗങ്ങള്‍ പലപ്പോഴും അവരവരുടെ ലോകത്തായിരിക്കും. തമ്മില്‍ സംസാരിക്കുന്നതുതന്നെ വിരളമായിരിക്കും. രാത്രിയില്‍ വന്നുറങ്ങി പുലര്‍ന്നാല്‍ അവനവന്റെ ജോലി സ്ഥലങ്ങളിലേക്കും സ്‌കൂളുകളിലേക്കും പോകും. കുട്ടികളുമായോ മുതിര്‍ന്നവരുമായോ ആശയവിനിമയം നടക്കുന്നില്ല. ഇത്തരം കുടുംബങ്ങളിലെ കുട്ടികളില്‍ വലിയതോതില്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുണ്ട്. സ്വാഭാവികമായും അവര്‍ മയക്കുമരുന്നിന് അടിമകളാകുന്നു.
അധ്യാപകരും കുട്ടികളും തമ്മില്‍ ഇന്നു പഴയകാല ബന്ധങ്ങളുടെ ഇഴയടുപ്പമില്ല. വിദ്യാഭ്യാസം കച്ചവടമായി. പാക്കേജുകളിലും സിലബസുകളിലും പ്രൊജക്ട് റിപ്പോര്‍ട്ടുകളിലുമായി പഠനങ്ങള്‍ വില്‍ക്കപ്പെടുന്നു. ഇത്തരമൊരവസ്ഥയില്‍ പിന്തള്ളപ്പെട്ടുപോകുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവരിലെ പഠനവൈകല്യം തിരിച്ചറിഞ്ഞു പരിഹാരം കണ്ടെത്തുന്നതില്‍ അധ്യാപകരും രക്ഷിതാക്കളും വേണ്ടപോലെ ശ്രദ്ധിക്കുന്നില്ല. ഇത്തരം കുട്ടികളും വിഷാദരോഗങ്ങള്‍ക്കടിമയായി ആത്മഹത്യചെയ്യുന്നു.
വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന പാളിച്ച, തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികരോഗങ്ങള്‍, തിരിച്ചറിഞ്ഞാലും സമൂഹം അവജ്ഞയോടെ കണ്ടേക്കുമോ എന്ന ഭയത്താല്‍ രോഗം മൂടിവയ്ക്കപ്പെടുന്ന അവസ്ഥ ഇതൊക്കെ അവസാനം ആത്മഹത്യയിലേക്കാണു നയിക്കുന്നത്. അറുപതു വയസിനു മുകളിലുള്ളവര്‍ കുടുംബത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. ഒറ്റപ്പെട്ടുപോകുന്ന ഇവരും അവസാനം ആത്മഹത്യയെ ശരണംപ്രാപിക്കുന്നു.
കന്നിപ്രസവത്തില്‍ വിഷാദ രോഗത്തിനടിമപ്പെടുന്ന യുവതികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. അതുപോലെ ജീവിതശൈലീരോഗങ്ങളെക്കൊണ്ടു കഷ്ടപ്പെടുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു. ഇവരില്‍ പലരും ആത്മഹത്യയാണ് അവസാനമാര്‍ഗമായി കാണുന്നത്. എല്ലാ മനുഷ്യരും ഏതെങ്കിലുമൊരു സമയത്ത് ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നുവെന്നാണു പറയപ്പെടുന്നത്.
ഇതിനെതിരേ പ്രതിരോധം തീര്‍ക്കേണ്ടതു സാമൂഹ്യക്ഷേമവകുപ്പിന്റെ ഉത്തരവാദിത്വമാണ്. നിലവില്‍ നിരവധി പദ്ധതികള്‍ വകുപ്പിനു കീഴിലുണ്ട്. എന്നാല്‍, ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ വകുപ്പിന്റെ കീഴില്‍ കാര്യക്ഷമമായി നടക്കുന്നില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍നിന്നുതന്നെ മാനസികരോഗചികിത്സ ആരംഭിക്കേണ്ടിയിരിക്കുന്നു. തിരിച്ചറിയപ്പെടാതെ പോകുന്ന നിരവധി മാനസികരോഗങ്ങള്‍കൊണ്ടു പ്രയാസപ്പെടുന്നവരെ ശരിയാംവണ്ണമുള്ള കൗണ്‍സിലിങിനു വിധേയമാക്കണം.
സംസ്ഥാനത്ത് ഇന്നുള്ള കൗണ്‍സിലിങ് രീതി അടിമുടി മാറേണ്ടിയിരിക്കുന്നു. രോഗനിര്‍ണയവും രോഗചികിത്സയും ഓരോരോ പഞ്ചായത്തുകള്‍ക്കു കീഴിലും നടപ്പാക്കേണ്ടതുണ്ട്. മലപ്പുറം ജില്ലയാണ് ആത്മഹത്യചെയ്യുന്നവരില്‍ ഏറ്റവും കുറവ്. ജില്ലയിലെ മതപഠനകേന്ദ്രങ്ങളും മതപ്രഭാഷണവേദികളും മജ്‌ലിസുന്നൂര്‍ പോലുള്ള ആത്മീയ സദസുകളും ശരിയായ ആത്മീയനേതൃത്വവും ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ശരിയായ അവബോധവും പകര്‍ന്നു നല്‍കുന്നു എന്നതുതന്നെയായിരിക്കാം ഇതിനുള്ള കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."