പുല്ലിക്കടവ് പാലം നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
ചേലേമ്പ്ര: കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പുല്ലിപ്പുഴക്ക് കുറുകെയുള്ള പുല്ലിക്കടവ് പാലം നിര്‍മാണം അനന്തമായി നീളുന്നു. പണി നീളുന്നതിലും അപ്രോച്ച് റോഡ് പൊളിഞ്ഞ് യാത്രക്കാര്‍ അപകടത്തില്‍ അകപ്പെടുന്നതിലും പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പെരുമുഖം ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണി നടക്കാനുണ്ടെങ്കിലും പുല്ലിപ്പറമ്പ് ഭാഗത്തെ അപ്രോച്ച് റോഡ് സ്ഥലമെടുപ്പും സോളിംഗും കഴിഞ്ഞെങ്കിലും കരാറുകാരന്‍ പണി അവസാനിപ്പിച്ച് പോയതോടെയാണ് പദ്ധതി മന്ദഗതിയിലായത്. സമയം കൂടുതലെടുത്തതിനെ തുടര്‍ന്ന് ധനകാര്യ വകുപ്പ് കരാറുകാരനെ മാറ്റാനുള്ള അപേക്ഷ മടക്കി അയക്കുകയായിരുന്നു.
പുതിയ കരാറുകാരനെ നിയമിക്കണമെങ്കില്‍ പഴയ ആളെ മാറ്റിയതായുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിക്കേണ്ടതുണ്ട്. ഒന്നര മാസം മുന്‍പ് സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയെങ്കിലും ഇപ്പോഴും ഫയല്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമാണുള്ളത്.
പൊതു മരാമത്ത് വകുപ്പ് സൂപ്രണ്ട് എന്‍ജിനീയറുടെ അനുമതി ലഭിച്ചെങ്കില്‍ മാത്രമെ പുതിയ കരാറുകാരനെ നിയമിക്കാനാവൂ. ശേഷം വീണ്ടും ടെന്‍ഡര്‍ വിളിച്ചിട്ട് വേണം പദ്ധതി തുടരാന്‍. അടുത്ത ദിവസം എം.എല്‍.എ യെ സമീപിക്കുമെന്ന് നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ എം.കെ ഇസ്മാഈല്‍ പറഞ്ഞു.
അതേ സമയം പുല്ലിപ്പറമ്പ് ഭാഗത്തേക്കുളള അപ്രോച്ച് റോഡ് സോളിംഗ് പൂര്‍ണമായും നശിച്ചു. കയറ്റമായതിനാല്‍ ഇരു ചക്രവാഹനങ്ങളില്‍ നിന്ന് യാത്രക്കാര്‍ വീണ് അപകടം പറ്റുന്നത് പതിവാകുന്നുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് ഇതു സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."