നന്തന്‍കോട് കൂട്ടക്കൊല: കേദല്‍ ജിന്‍സണ്‍ വീണ്ടും മൊഴിമാറ്റി
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊലക്കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജ് വീണ്ടും മൊഴിമാറ്റി. പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പുതിയ മൊഴി. ഇടയ്ക്കിടയ്ക്ക് ഇയാള്‍ മൊഴി മാറ്റുന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും വലയ്ക്കുന്നുണ്ട്. മദ്യലഹരിയില്‍ അച്ഛന്‍, സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുമായിരുന്നു. ഇത് തടയണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അമ്മ തയാറായില്ല. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൂടി കൊല്ലാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഏപ്രില്‍ രണ്ടാം തിയതി കൊല നടത്താന്‍ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാല്‍ നടന്നില്ലെന്നും കേദല്‍ പറഞ്ഞു. സാത്താന്‍ സേവയുടെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങള്‍ എന്നായിരുന്നു കേദലിന്റെ ആദ്യ മൊഴി. എന്നാല്‍ പിന്നീട് വീട്ടുകാരുടെ അവഗണനയാണ് കാരണമെന്ന് പറഞ്ഞു. എന്നാല്‍ ഇന്നലെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മൊഴിയാണ് പ്രതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഏത് മൊഴി വിശ്വസിക്കണമെന്ന ആശയക്കുഴപ്പം അന്വേഷണ സംഘത്തിനുണ്ട്. നേരത്തെ മനഃശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ രണ്ടു പ്രാവശ്യം നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ വ്യത്യസ്ത മൊഴി നല്‍കിയിരുന്നു. മൊഴികളിലെ വൈരുധ്യം തുടരുന്നതിനാല്‍ ഇയാളെ വീണ്ടും മനാരോഗ വിദഗ്ധരുടെ സാന്നിധ്യത്തില്‍ തന്നെ ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം.
ചീത്ത കൂട്ടുകെട്ടില്‍ പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ മകനെ 'മനോരോഗി'യാക്കി
കുട്ടിക്കാലത്ത് ചീത്ത കൂട്ടുകെട്ടില്‍ പോകാതിരിക്കാന്‍ മകനെ ചിത്തഭ്രമക്കാരനായി ചിത്രീകരിച്ചത് ഒടുവില്‍ വീട്ടുകാരുടെതന്നെ ജീവനെടുക്കുന്നതില്‍ കൊണ്ടു ചെന്നെത്തിച്ചെന്നാണ് കേദലിനെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലിസിന് വ്യക്തമായത്. നഗരത്തിലെ സ്‌കൂളില്‍ യു.പി ക്ലാസില്‍ പഠിക്കുമ്പോഴാണ് കൂട്ടുകെട്ടില്‍ വഷളാകാതിരിക്കുകയെന്ന ഉദ്ദേശത്തില്‍ മകന് ചിത്തഭ്രമമുള്ളതായി രക്ഷിതാക്കള്‍ കൂട്ടുകാരെ ധരിപ്പിച്ചത്.
വീട്ടുകാരുടെ വാക്ക് വിശ്വസിച്ച കേദലിന്റെ സഹപാഠികള്‍ അവനുമായുള്ള ചങ്ങാത്തം വിട്ടു. സ്‌കൂളിലും നാട്ടിലും കേദലിനെ ഉറ്റ സുഹൃത്തുക്കള്‍പോലും കണ്ടാല്‍ മിണ്ടാതായി. ഇത് കുട്ടിക്കാലത്തേ മനസിനെ വല്ലാതെ പിടിച്ചുലച്ചു. ഇത് കാരണം ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരുമാസത്തോളം സ്‌കൂളില്‍ പോകാതിരുന്ന കേദലിന്റെ മനസില്‍ അന്നുമുതലേ വീട്ടുകാരോടുള്ള വിദ്വേഷം തുടങ്ങി. സ്‌കൂള്‍ വിട്ട് കലാലയ വിദ്യാഭ്യാസത്തിലേക്ക് കടന്നപ്പോഴും കേദലിനെ ഇത് അലട്ടിക്കൊണ്ടിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധം മനസില്‍ അപകര്‍ഷതാ ബോധമായി.
മെഡിസിന്‍ വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിക്കേണ്ടി വന്നതോടെ വീണ്ടും ഇയാള്‍ വീട്ടുകാരുടെ കണ്ണിലെ കരടായി. പിന്നീട് വിദേശത്ത് എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് മടങ്ങിയെത്തിയെങ്കിലും മനസില്‍ വീട്ടുകാരുമായി അറിയാതെയുണ്ടായ അകലം കാര്യങ്ങള്‍ കൈവിട്ടുപോകാനിടയാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതിനിടെ പതിവിന് വിപരീതമായി ഇന്നലെ കരഞ്ഞുകൊണ്ടാണ് ഇയാള്‍ പൊലിസിനോട് സംസാരിച്ചത്. ഇന്നലെ രാവിലെയോടെ കൊലപാതകം നടന്ന നന്തന്‍കോട്ടെ വീട്ടില്‍ കേദലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന തെളിവെടുപ്പില്‍ വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ കൊല നടത്തിയവിധം കേദല്‍ പൊലിസിനോട് വിശദീകരിച്ചു.
അതേസമയം, മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി കേദലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്നും ആസൂത്രിതമാണെന്നുമുള്ള പൊലിസിന്റെ വാദത്തില്‍ ദുരൂഹതയെന്നാണ് വിലയിരുത്തല്‍. ആഭിചാരകര്‍മങ്ങളുടെ ഭാഗമായാണ് താന്‍ കുടുംബത്തെ വകവരുത്തിയതെന്നായിരുന്നു ആദ്യമൊഴി. ഇത് പൊലിസും സമ്മതിക്കുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൊലപാതകം ആസൂത്രിതമാണെന്നും വീട്ടില്‍നിന്നുള്ള കടുത്ത അവഗണന കാരണമാണ് കൃത്യം നടത്തിയതെന്നും പൊലിസ് പറയുന്നു. ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതും.
പ്രതിയുടെ മാനസികനില ശരിയല്ലെന്നും അയാള്‍ മൊഴി അടിക്കടി മാറ്റുന്നത് ഇക്കാരണത്താലാണെന്നും പൊലിസ് തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.
അതിനിടെ കൊലപാതകം ആസൂത്രിതമാണെന്ന പൊലിസ് വാദം കേസ് നിലനില്‍ക്കാനുള്ള തന്ത്രമാകാമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."