മുന്‍ പ്രസിഡന്റുമാരെ വിളിക്കാതെ കെ.പി.സി.സി നേതൃയോഗം
തിരുവനന്തപുരം: മുന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാതെ കെ.പി.സി.സി നേതൃയോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ഇന്ദിരാഭവനില്‍ ചേര്‍ന്ന കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരുടെ യോഗത്തിലേക്കാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെ ക്ഷണിക്കാതിരുന്നത്.
രാജ്യസഭാ സീറ്റിന്റെ പേരില്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ വി.എം സുധീരനെ യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് മുന്‍ കെ.പി.സി പ്രസിഡന്റുമാരെ വിളിക്കാതിരുന്നതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. യോഗത്തിലേക്കു ക്ഷണിക്കാതിരുന്നതിനെതിരേ സുധീരനും കെ. മുരളീധരനും പരസ്യ പ്രതികരണവുമായി രംഗത്തു വന്നു.
എന്നാല്‍ ഇങ്ങനെ യോഗം വിളിച്ചതില്‍ ഒട്ടും അസ്വാഭാവികതയില്ലെന്ന് യോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. ഭാരവാഹികളുടെ യോഗം മാത്രമായാണ് വിളിച്ചത്. തെരഞ്ഞെടുപ്പു വിഷയം പ്രധാനമായി ചര്‍ച്ച ചെയ്യാനുള്ള യോഗമായതുകൊണ്ടാണിത്. ഇത്തരത്തിലുള്ള യോഗങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ഭാരവാഹികളുടേതു മാത്രമല്ലാത്ത യോഗത്തിലേക്കു മുന്‍ പ്രസിഡന്റുമാരെയും വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തി.
നിയോജക മണ്ഡലങ്ങളുടെ ചുമതല ഒരു പ്രധാന നേതാവിനെയും ബ്ലോക്ക് കമ്മിറ്റികളുടെ ചുമതല ജില്ലാ നേതാക്കളെയും ഏല്‍പ്പിക്കും. ബൂത്ത് ഭാരവാഹികളെയും ചുമതലക്കാരെയും നിശ്ചയിച്ച് ജൂലൈ 15നകം കെ.പി.സി.സിക്കു നല്‍കണം. ജൂലൈ 20ഓടു കൂടി കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളുടെയും ചുമതല ഏല്‍പ്പിക്കുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒരു ദിവസം നീണ്ടു നില്‍ക്കുന്ന യോഗം സംഘടിപ്പിക്കും.
ഓഗസ്റ്റ് 15നു ശേഷം സെപ്റ്റംബര്‍ വരെ മണ്ഡലം സമ്മേളനങ്ങളും ഒക്ടോബറിലോ നവംബറിലോ സംസ്ഥാനതല റാലിയോടെ എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."