എം.ഡി നിയമനം നിയമക്കുരുക്കിലേക്ക്
തൊടുപുഴ: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സഹകരണ സ്പിന്നിങ് മില്ലുകളിലെ മാനേജിങ് ഡയറക്ടര്‍ നിയമനം നിയമക്കുരുക്കിലേക്ക്. നിയമനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹരജിയില്‍ വ്യവസായ വകുപ്പ് സെക്രട്ടറി, ഹാന്‍ഡ്‌ലൂം ഡയറക്ടര്‍, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരോട് വിശദീകരണം തേടി നോട്ടിസ് അയക്കാന്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ഇന്നലെ ഉത്തരവിട്ടു.
കഴിഞ്ഞ ഏപ്രില്‍ 3ന് കുറ്റിപ്പുറം മലബാര്‍ കോ-ഓപ്പറേറ്റീവ് ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡില്‍ (മാല്‍കോടെക്‌സ്) കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍ ജനറല്‍ മാനേജര്‍ സി.ആര്‍ രമേശിനേയും തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലില്‍ ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ ജനറല്‍ മാനേജര്‍ പി.എസ് ശ്രീകുമാറിനേയും എം.ഡിയുടെ അധികച്ചുമതലയില്‍ നിയമിച്ചിരുന്നു. തൃശൂര്‍ സ്പിന്നിങ് മില്ലിന്റെ അംഗീകൃത ഫീഡര്‍ കാറ്റഗറി റൂള്‍ പ്രകാരം എം.ഡി സ്ഥാനത്ത് സര്‍ക്കാര്‍ സര്‍വിസിലുള്ളവരെ മാത്രമേ ഡെപ്യുട്ടേഷനിലൂടെ നിയമിക്കാവൂ. കുറ്റിപ്പുറം മാല്‍കോടെക്‌സിലെ ബൈലോ വ്യവസ്ഥ പ്രകാരം മുഴുവന്‍സമയ എം.ഡിയെ സര്‍ക്കാരിനു നേരിട്ട് നിയമിക്കാം.
എന്നാല്‍ പത്ര പരസ്യമോ, അഭിമുഖമോ നടത്താതെ 2011 ല്‍ മാത്രം സഹകരണ മേലയില്‍ ജോലിയില്‍ പ്രവേശിച്ച ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ മാത്രമുള്ളയാളെയാണ് നിയമിച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ എം.ഡി ഇന്‍ചാജിനു പകരം എം.ഡിയായി തന്നെ എല്ലാ രേഖകളിലും അറ്റന്റന്‍സ് രജിസ്റ്ററിലും ഒപ്പ്‌വച്ച് തുടങ്ങി. നിയമനം ചട്ടവിരുദ്ധമാണെന്ന് സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2016 ഒക്‌ടോബര്‍ മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജി.എം, എം.ഡി തസ്തികകളില്‍ ഇരിക്കുന്നവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇരുവരും വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നു മാത്രമല്ല വകുപ്പുതല അന്വേഷണവും വിജിലന്‍സ് അന്വേഷണവും നേരിടുന്നുമുണ്ട്. കണ്ണൂര്‍ മില്ലില്‍ ജനറല്‍ മാനേജര്‍ തസ്തികയിലും എം.ഡിയുടെ അധിക ചുമതലയിലും ഒരാള്‍തന്നെ തുടരുന്നതും മില്ലിന്റെ ബൈലോ പ്രകാരവും അംഗീകൃത സ്റ്റാഫ് റൂള്‍ പ്രകാരവും തെറ്റാണ്. മലപ്പുറം മില്ലിലെ മാനേജരായ പി.എസ് ശ്രീകുമാര്‍ ഡെപ്യൂട്ടേഷനിലൂടെ ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ ജനറല്‍ മാനേജരായി 5 വര്‍ഷത്തോളമായി തുടരുന്നു. ഇതിനു പുറമെയാണ് തൃശൂര്‍ മില്ലിന്റെ എം.ഡിയുടെ അധികച്ചുമതല നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ മില്ലിലെ ജനറല്‍ മാനേജര്‍ സി.ആര്‍ രമേശ് പ്രൊബേഷന്‍ പൂര്‍ത്തീകരിക്കുന്നതിനു മുന്‍പു തന്നെ സര്‍ക്കാരില്‍ നിന്ന് അവധി അംഗീകാരം വാങ്ങാതെ വിദേശത്ത് ജോലി ചെയ്യുകയും പിന്നീട് മില്‍ നടപടി സ്വീകരിച്ചപ്പോള്‍ തിരികെ പ്രവേശിച്ചതുമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2014 മുതല്‍ കണ്ണൂര്‍ മില്ലിന്റെ എം.ഡിയുടെ അധികച്ചുമതല ഇദ്ദേഹത്തിനാണ്.
വിജിലന്‍സ് ക്ലിയറന്‍സ് ഹാജരാക്കാത്തതിന് ആലുവ എഫ്.ഐ.ടിയുടെ എം.ഡിയെ 2017 ല്‍ സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. യോഗ്യതയില്ലാത്തയാള്‍ക്ക് കണ്‍സൂമര്‍ഫെഡ് എം.ഡി നിയമനം നല്‍കിയത് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. വ്യവസായ വകുപ്പ് സെക്രട്ടറി, ഹാന്‍ഡ്‌ലൂം ഡയറക്ടര്‍, വിജിലന്‍സ് ഡയറക്ടര്‍, 5 സഹകരണ സ്പിന്നിങ് മില്ലുകള്‍, പി.എസ് ശ്രീകുമാര്‍, സി.ആര്‍ രമേശ് ഉള്‍പ്പെടെ 10 എതിര്‍ കക്ഷികള്‍ക്കാണ് നോട്ടിസ് അയച്ചത്. ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."