തങ്ങളുടെ ഒരിഞ്ച് ഭൂമിയും വിട്ടുതരില്ലെന്ന് യു.എസിനോട് ചൈന
ബെയ്ജിങ്: തങ്ങളുടെ പ്രദേശങ്ങളിലെ ഒരിഞ്ചു ഭൂമിയും വിട്ടുതരില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനോട് പറഞ്ഞു. ചൈന സന്ദര്‍ശിക്കുന്ന ജിം മാറ്റിസിനോട് തെക്കന്‍ ചൈന കടലിലെ തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു ജിന്‍പിങ്.
ചൈനയുടെ പരമാധികാരത്തിനോടും പ്രദേശിക ഐക്യത്തിനോടും ബന്ധിപ്പിച്ച് തങ്ങളുടെ നിലപാടുകള്‍ കൃത്യവും വസ്തുതാപരവുമാണ്. പൂര്‍വികര്‍ കൈമാറിയ ഒരിഞ്ച് പ്രദേശവും നഷ്ടപ്പെടുത്താന്‍ തയാറാവില്ല. മറ്റുള്ളവരുടെ ഒന്നും തങ്ങള്‍ക്ക് ആവശ്യവുമില്ല. പരസ്പര ബഹമാനവും സഹകരണവും വളര്‍ത്തുന്ന ഉഭയകക്ഷി ബന്ധങ്ങള്‍ വര്‍ധിപ്പിക്കാന്‍ ചൈനയും യു.എസു ശ്രമിക്കണം.
ഇരു രാജ്യങ്ങളുടെയും ഇടയില്‍ പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും തങ്ങള്‍ അകന്ന് നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തെക്കന്‍ ചൈന കടലിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ചൈനയുടെയും യു.എസിന്റെയും ഇടയിലെ തര്‍ക്കം ഈയിടെ വര്‍ധിച്ചിരുന്നു. തര്‍ക്ക പ്രദേശങ്ങളില്‍ സൈനിക ആസ്ഥാനം നിര്‍മിക്കുന്ന തീരുമാനവുമായി ചൈന മുന്നോട്ടുപോവുന്നതാണ് തര്‍ക്കം രൂക്ഷമാവാന്‍ ഇടയാക്കിയത്.
തെക്കന്‍ ചൈന കടലുമായി ബന്ധപ്പെട്ട് ചൈന അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷത്തിലാണ്. വിയറ്റ്‌നാം, തായ്‌വാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഈ പ്രദേശത്തിന് അവകാശവാദമുന്നയിക്കുന്നുണ്ട്. പ്രകൃതി വാതകം, എണ്ണ, മത്സ്യ സമ്പത്ത് തുടങ്ങിയവയാല്‍ സമൃദ്ധമായതാണ് ഈ പ്രദേശം.
തെക്കന്‍ ചൈന കടലുമായി ബന്ധപ്പെട്ട് ചൈന അയല്‍ക്കാരെ ഭയപ്പെടുത്തുകയാണെന്ന് ജിം മാറ്റിസ് ഈ മാസം ആദ്യത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം തര്‍ക്ക പ്രദേശങ്ങളിലേക്ക് യു.എസ് യുദ്ധക്കപ്പല്‍ പ്രവേശിച്ചത് ഇരു രാജ്യങ്ങളിലെയും ബന്ധങ്ങള്‍ വഷളാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."