പ്രവാസി കമ്മിഷന്‍ തുടങ്ങും മുന്‍പ് മൂന്നംഗങ്ങളുടെ കാലാവധി കഴിഞ്ഞു
കൊച്ചി: പ്രവാസികള്‍ക്കു നിയമപരമായ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രവാസി കമ്മിഷന്‍ നടപ്പാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വിസ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസികളുടെ നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രവാസി കമ്മിഷന്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ മൂന്നംഗങ്ങളുടെ കാലാവധി കഴിഞ്ഞു. നാലംഗങ്ങളാണുണ്ടായിരുന്നത്. സോമന്‍ ബേബി, ഭഗത് സിങ് എന്നിവരാണു 65 വയസ് പൂര്‍ത്തിയായതോടെ വിരമിച്ചത്. ജൂണില്‍ പി.എം.എ സലാമും വിരമിക്കും. ഡോ. ഷംസീര്‍ വയലില്‍ മാത്രമാണു ശേഷിക്കുക.
ഓഫിസ് അടക്കം എല്ലാ സൗകര്യവും കമ്മിഷന് ഒരുമാസത്തിനകം ഏര്‍പ്പെടുത്തണമെന്ന് 2016 ഒക്ടോബര്‍ നാലിന് ഹൈക്കോടതി ഉത്തരവു നല്‍കിയെങ്കിലും അതും നടപ്പായില്ല. എന്നാല്‍ കമ്മിഷന്‍ അംഗങ്ങള്‍ക്ക് ബത്തയും ആനുകൂല്യങ്ങളും ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 26നാണു പ്രവാസി കമ്മിഷന്‍ രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് വന്നതോടെ നടപടിക്രമങ്ങള്‍ നീണ്ടുപോയി. ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍, ട്രഷറര്‍ ഫസലുറഹ്മാന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷാനവാസ് കാട്ടകത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."