സഊദിയുമായി ദീർഘകാല പ്രതിരോധ പങ്കാളിത്തത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് പെന്റഗൺ
റിയാദ്: സഊദി അറേബ്യയുമായി ദീർഘകാല പ്രതിരോധ പങ്കാളിത്തത്തിനു തങ്ങൾ പൂർണ്ണ സജ്ജമാണെന്ന് അമേരിക്കൻ പ്രതിരോധ കേന്ദ്രം. ഇറാനുമായി ബന്ധപ്പെട്ട ഏത് അടിയന്തിര സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രാദേശിക വ്യോമ പ്രതിരോധവുമായി ബന്ധപ്പെട്ടതിനാൽ സഊദി അറേബ്യയുമായുള്ള ദീർഘകാല പ്രതിരോധ പങ്കാളിത്തത്തിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പെന്റഗൺ വക്താവ് സീൻ റോബേർസ്റ്റൻ വ്യക്തമാക്കി. അശർഖ് അൽ ഔസത് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സഊദിയുടെ ദീർഘകാല പ്രതിരോധ കരാറിൽ ഏർപ്പെടുന്നതോടൊപ്പം മേഖലയിലെ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിക്കുന്നു.
ഇറാനുമായി ബന്ധപ്പെട്ട ഏത് അടിയന്തിര സാഹചര്യങ്ങളും പരിഹരിക്കാൻ അമേരിക്കൻ സേന വ്യോമ പ്രതിരോധം ഉൾപ്പെടെയുള്ള പ്രാദേശിക പ്രവർത്തനങ്ങളിൽ ശക്തമായ സാന്നിധ്യം നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മേഖലയിലെ അമേരിക്കൻ സേനകളെയോ ഉപകരണങ്ങളെയോ കുറയ്ക്കുന്നത് മധ്യേഷ്യയിൽ ഭീഷണികൾക്ക് വഴിയൊരുക്കുമെന്ന രീതിയിൽ ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് പെന്റഗൺ വക്താവ് സീൻ റോബേർസ്റ്റൻ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് അന്താരാഷ്‌ട്ര സമൂഹവുമായും സഊദി ആംഡ് സേനയുമായും തങ്ങൾ പ്രവർത്തനം തുടരുകയാണ്. ഇത് ഒരു ബഹുമുഖവും ദീർഘകാലവുമായ ശ്രമമാണ്. യു ആസ് -സഊദി പ്രതിരോധ സഹകരണം ദീർഘകാലമാണ്. ഭീകരവാദ പ്രതിരോധം, സമുദ്ര സുരക്ഷ, വ്യോമ പ്രതിരോധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം ആദ്യം യുഎസ് തങ്ങളുടെ നാല് പാട്രിയറ്റ് മിസൈൽ പ്രതിരോധ യൂണിറ്റുകളിൽ രണ്ടെണ്ണം സഊദി അറേബ്യയിൽ നിന്ന് നീക്കം ചെയ്‌തിരുന്നു. രണ്ട് യുഎസ് മിസൈൽ പ്രതിരോധ സംവിധാനം എണ്ണ സൈറ്റുകളിൽ മാറ്റിസ്ഥാപിക്കുമെന്നും ഇറാനിലെ ഏത് ആക്രമണത്തിൽ നിന്നും തങ്ങൾക്ക് സ്വയം പ്രതിരോധിക്കാനാകുമെന്നും നേരത്തെ സഊദി അറേബ്യ അറിയിച്ചിരുന്നു. എന്നാൽ, അമേരിക്കയുടെ ഈ ഈ നീക്കം യുഎസ്-സഊദി ബന്ധത്തെ ബാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."