സുധീരന്‍ നിയമിച്ചവരെ പുറത്താക്കി; ഹസനെതിരേ ഹൈക്കമാന്‍ഡിന് പരാതി
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ തമ്മിലടിക്ക് തുടക്കമായി. വി.എം സുധീരന്‍ അധ്യക്ഷനായിരിക്കെ കെ.പി.സി.സി ഓഫിസില്‍ നിയമിച്ചവരെ താല്‍ക്കാലിക പ്രസിഡന്റായ എം.എം ഹസന്‍ പിരിച്ചുവിട്ടുതുടങ്ങി.
പിരിച്ചുവിടലിനെതിരേ പുറത്താക്കപ്പെട്ടവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ഹസന്‍ പ്രസിഡന്റായതോടെ ഇന്ദിരാ ഭവനില്‍ സമ്പൂര്‍ണ അഴിച്ചു പണിയാണ് നടക്കുന്നത്. സഹകരണ ജനാധിപത്യ സെല്‍ ചെയര്‍മാനും കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗവുമായ മരിയാപുരം ശ്രീകുമാറിന് കസേരയും മുറിയും പോയത് അദ്ദേഹം അറിഞ്ഞില്ല. ശ്രീകുമാറിന്റെ ഓഫിസ് മുറിക്ക് മുന്‍പിലെ പേര് വച്ച ബോര്‍ഡ് അഴിച്ചു മാറ്റി. ഇതേകുറിച്ച് ശ്രീകുമാര്‍ അന്വേഷിച്ചപ്പോഴാണ് സ്ഥാനത്ത് നിന്നും മാറ്റിയെന്ന് അറിഞ്ഞത്. സുധീരപക്ഷത്തെ നേതാവാണ് ശ്രീകുമാര്‍.
ഹസന്റെ നടപടിക്കെതിരേ ശ്രീകുമാര്‍ ഹൈക്കമാന്‍ഡിന്് പരാതി നല്‍കി. ഐ ഗ്രൂപ്പ് നേതാവായ കരകളം കൃഷ്ണപ്പിള്ളയെയാണ് പകരം ചെയര്‍മാനാക്കിയത്. ഇതിനിടെ സുധീരന്റെ കാലത്ത് നിയമിച്ച ജീവനക്കാര്‍ക്കും പണി പോയി.
ഡ്രൈവര്‍മാരായ വിശ്വനാഥന്‍, രതീഷ് സുഗതന്‍, അസിസ്റ്റന്റ് പ്രസ് സെക്രട്ടറി ബിജോ, ഡി.ടി.പി ഓപ്പറേറ്റര്‍ ജയേഷ് എന്നിവരെയാണ് ഹസന്‍ പിരിച്ചുവിട്ടത്. ഹസന്‍ ചുമതലയേറ്റതോടെ സുധീരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ.എന്‍ പണിക്കര്‍ രാജിവച്ചിരുന്നു. താല്‍ക്കാലിക ചുമതല മാത്രമുള്ള ഹസന്‍ അമിതാധികാരം പ്രകടിപ്പിക്കുകയാണെന്നാണ് പരാതി.
എന്നാല്‍, പിരിച്ചുവിട്ടതൊന്നും സ്ഥിരം നിയമനങ്ങളല്ലെന്നും ഇതില്‍ യാതൊരു അസ്വാഭാവികത ഇല്ലെന്നുമാണ് ഹസന്‍ അനുകൂലികള്‍ വ്യക്തമാക്കുന്നത്. നടപടി ഐ ഗ്രൂപ്പിനെയും പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥിരം അധ്യക്ഷനെ സംബന്ധിച്ച തീരുമാനം വന്ന ശേഷം നിലപാട് വ്യക്തമാക്കാമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."