മാതാപിതാക്കളെ മര്‍ദിച്ച് 13കാരിയായ മകളെ തട്ടിക്കൊണ്ടുപോയി
കരുനാഗപ്പള്ളി (കൊല്ലം): ഓച്ചിറയില്‍ തിങ്കളാഴ്ച രാത്രി വഴിയോരക്കച്ചവടക്കാരും രാജസ്ഥാന്‍ സ്വദേശികളുമായ മാതാപിതാക്കളെ മര്‍ദിച്ചവശരാക്കിയ ശേഷം 13കാരിയായ മകളെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. അക്രമത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ വാരിയെല്ലിനും കൈക്കും സാരമായി പരുക്കേറ്റു.
സി.പി.ഐ മേമന തെക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ ഓച്ചിറ സ്വദേശി മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലിസ് അറിയിച്ചു. ഇയാളെ കൂടാതെ വിപിന്‍, പായിക്കുഴി സ്വദേശി പ്യാരി, വള്ളിക്കാവ് സ്വദേശി അജയന്‍ എന്നിവരെയും പൊലിസ് തിരയുന്നുണ്ട്. രണ്ട് മാസം മുന്‍പും പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്താല്‍ അന്ന് പൊലിസ് യുവാക്കള്‍ക്കെതിരേ നടപടിയെടുത്തില്ല.
സംഭവത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഉടമ ഗോപിനാഥന്‍, കാര്‍ വാടകക്കെടുത്ത ബിബിന്‍ ബാബു എന്നിവര്‍ പൊലിസ് പിടിയിലായി.
ദേശീയപാതയോരത്ത് ഓച്ചിറ പള്ളിമുക്കില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസുകൊണ്ട് ഉണ്ടാക്കുന്ന പ്രതിമ വില്‍ക്കുന്നവരാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇതിന് തൊട്ടടുത്താണ് റോഷന്റെ വീട്. രാത്രി പത്തരയ്ക്ക് പെണ്‍കുട്ടി താമസിക്കുന്ന ഷെഡിലെത്തിയ റോഷനും സുഹൃത്തുക്കളായ മൂന്നുപേരും പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി. എന്നാല്‍ പോകാന്‍ കൂട്ടാക്കാത്ത പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴക്കുന്നതിനിടെ തടയാനെത്തിയ മാതാപിതാക്കളെ സംഘം ആക്രമിച്ചു.
ബഹളംകേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും സംഘം കാറില്‍ പെണ്‍കുട്ടിയുമായി കടന്നു. ഓച്ചിറയില്‍ അടുത്തിടെ നടന്ന രണ്ട് അടിപിടിക്കേസുകളിലും റോഷന്‍ പ്രതിയാണ്. ഇന്നലെ രാവിലെയാണ് മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."