മുംബൈയില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ചുമരണം
മുംബൈ: ചെറുവിമാനം തകര്‍ന്ന് അഞ്ചു മരണം. മുംബൈയിലെ ഘട്കോപാറിനു സമീപത്തെ സര്‍വോദയ നഗറിലാണു സംഭവം. രണ്ടു പൈലറ്റുമാരും രണ്ട് എന്ജിനീയര്മാരുമാണു കൊല്ലപ്പെട്ടത്. അപകടസ്ഥലത്തുണ്ടായിരുന്ന ഒരാളും മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 1.15ന് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണു ചെറുവിമാനം തകര്‍ന്നത്. കിങ് എയര്‍ സി 90 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. തകര്‍ന്നുവീണയുടന്‍ വിമാനത്തില്‍ തീ ആളിപ്പടര്‍ന്നു. അന്തരീക്ഷമാകെ കറുത്ത പുക നിറയുകയും ചെയ്തു. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സമീപത്താണു വിമാനം തകര്‍ന്നുവീണത്. തീ പടര്‍ന്നതോടെ സമീപവാസികളെ പൊലിസ് ഒഴിപ്പിച്ചു. അഗ്നിശമനസേനയുടെയും പൊലിസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുംബൈയിലെ യുവൈ ഏവിയേഷനു വില്പന നടത്തിയ വിമാനമാണിത്. 2014ലാണു വിമാനം കൈമാറിയത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."