55 കിലോ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികള്‍ പിടിയില്‍
താമരശ്ശേരി (കോഴിക്കോട്): കാറില്‍ കടത്തുകയായിരുന്ന 55.5 കിലോ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികള്‍ അടിവാരത്ത് പൊലിസ് പിടിയിലായി. അടിമാലി പട്ടമ്മാവടി ഷാജി (45), മൂന്നാര്‍ രാജാക്കാട് എന്‍. ആര്‍ സിറ്റി പരതാനത്ത് സുനില്‍ (47) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ അടിവാരം എലിക്കാട് പാലത്തിന് സമീപത്തുനിന്നാണ് ഇരുവരേയും പൊലിസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 14 എച്ച് 3001 ഹോണ്ട സിറ്റി കാറും കസ്റ്റഡിയിലെടുത്തു. ആന്ധ്രയിലെ ആരാകുവില്‍നിന്നും എത്തിച്ചതാണ് കഞ്ചാവെന്നും വര്‍ഷങ്ങളായി മൊത്ത കച്ചവടം നടത്തുന്നവരാണ് ഇവരെന്നും പൊലിസ് പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളില്‍ മൊത്തകച്ചവടക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നവരാണ് പിടിയിലായവര്‍.
കാറിന്റെ പിന്‍സീറ്റ് ഇളക്കിമാറ്റി നിര്‍മിച്ച രഹസ്യഅറയില്‍ 2 കിലോ വരെയുള്ള ചെറിയ പാക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വയനാട് ഭാഗത്ത് നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നതായി റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. രണ്ടു വര്‍ഷം മുന്‍പ് രണ്ടു കോടിയുടെ ഹാഷിഷുമായി പിടിയിലായ സംഭവത്തില്‍ ഷാജിക്ക് പെരുമ്പാവൂരില്‍ കേസുണ്ട്. സുനിലിന് പാലക്കാട് ജില്ലയില്‍ 110 കിലോ കഞ്ചാവുമായി പിടിയിലായതിനും കേസുണ്ട്.
കഞ്ചാവ് കടത്തുന്നതിനിടെ കഴിഞ്ഞ ഓഗസ്റ്റില്‍ മുക്കത്ത് പിടിയിലായ അഫ്‌സല്‍ എം. ഷെറിഫ് ഷാജിയുടെ ബന്ധുവാണ് . ഷാജിയാണ് വിവിധ ജില്ലകളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്നതെന്ന് അഫ്‌സലില്‍നിന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജി പൊലിസ് നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയില്‍നിന്ന് കഞ്ചാവ് നാട്ടിലെത്തിക്കുന്നതിന് 25,000 രൂപ വാഗ്ദാനം ചെയതാണ് ഡ്രൈവറായി സുനിലിനെ ഒപ്പം കൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."