1.12 കോടിയുടെ കുഴല്‍പ്പണം പിടികൂടി; യുവാവ് അറസ്റ്റില്‍
പാലക്കാട്: സേലത്തു നിന്നും മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് വിതരണത്തിനു കൊണ്ടുവരികയായിരുന്ന 1.12 കോടിയുടെ കുഴല്‍പ്പണം മലമ്പുഴ പൊലിസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിനെയും പണം കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം സ്ക്വാഡും മലമ്പുഴ പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇന്നലെ പുലര്‍ച്ചെ മലമ്പുഴ - കഞ്ചിക്കോട് റൂട്ടില്‍ പന്നിമടയില്‍ വച്ച് കാര്‍ കസ്റ്റഡിയിലെടുത്തത്. മണ്ണാര്‍ക്കാട് കൊടക്കാട് പത്തരി വീട്ടില്‍ അബ്ദുല്‍ റസാഖ്(33)ആണ് പിടിയിലായത്.
കാറിന്റെ സീറ്റിനടിയിലും, ഡിക്കിയുടെ ഡോര്‍ പാഡിലും രഹസ്യ അറകളില്‍ സൂക്ഷിച്ചാണ് പണം കടത്തിയത്. 2000ത്തിന്റെയും 500 ന്റെയും നോട്ടുകെട്ടുകളാണ് പിടികൂടിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.പിടികൂടിയവയില്‍ കള്ളനോട്ടുകള്‍ ഉണ്ടോയെന്നും പരിശോധിച്ചു വരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.രണ്ടാഴ്ച മുന്‍പ് രണ്ട് കോടിയുടെ കുഴല്‍പ്പണവുമായി പെരിന്തല്‍മണ്ണ സ്വദേശിയെ പട്ടാമ്പിയില്‍ അറസ്റ്റു ചെയ്തിരുന്നു.
പാലക്കാട് ഡിവൈ.എസ്.പി ജി.ഡി വിജയകുമാര്‍, ക്രൈം സ്ക്വാഡിലെ എസ്.ഐ എസ് ജലീല്‍ അംഗങ്ങളായ ടി.ആര് സുനില്‍ കുമാര്‍, ടി.ജെ ബ്രിജിത്ത്, കെ അഹമ്മദ് കബീര്‍, യു.സൂരജ് ബാബു, ആര് .വിനീഷ്, ആര് .രാജീദ്, കെ ദിലീപ്, ഷമീര്‍, മലമ്പുഴ പൊലിസ് സ്റ്റേഷനിലെ എസ്.സി.പി.ഒ കെ.എന്‍ നീരജ് ബാബു, സി.പി.ഒ ജി.സാജന്, ഡ്രൈവര്‍ സതീഷ്, ഹോം ഗാര്‍ഡ് സുനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."